കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ക്ക് ‘പുല്ലുവില’ കല്‍പ്പിച്ച് പൊലീസ്.
ഗുണ്ടാ ബന്ധത്തില്‍ കുരുക്കിലായി അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം സക്കീര്‍ ഹുസൈനെ പിന്‍തുണച്ച് രംഗത്ത് വന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളി വീണ്ടും സക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുണ്ടാ പശ്ചാത്തലമുള്ള വ്യക്തിയാണ് സക്കീറെന്നും 15 കേസുകളില്‍ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വാദം.
ഈ വാദത്തിനെതിരെ കഴിഞ്ഞദിവസം പാര്‍ട്ടി മുഖപത്രത്തില്‍ കോടിയേരി എഴുതിയ ലേഖനത്തിലാണ് സക്കീര്‍ ഹുസൈന് എതിരായ കേസുകള്‍ സമരത്തിന്റെ ഭാഗമായി ഉള്ളതാണെന്നും, ആരോപണം സിപിഎമ്മിനെ വികൃതമാക്കുന്നതിന് വേണ്ടിയാണെന്നും ആരോപിച്ചിരുന്നത്.
കോടിയേരിയുടെ ഈ അഭിപ്രായപ്രകടനം വ്യാപക ചര്‍ച്ചയായിരിക്കെയാണ് തൊട്ടുപിന്നാലെ ഗുണ്ടായിസം നടത്തിയതിന് സക്കീറിനെതിരെ ഏലൂര്‍ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെണ്ണല സ്വദേശിയായ ജൂബ് പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം തേടുന്ന സക്കീര്‍ ഹുസൈന് അപ്രതീക്ഷിത തിരിച്ചടിയാണ് പൊലീസിന്റെ ഈ പുതിയ നീക്കം.
ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ ശക്തമായി രംഗത്ത് വന്നിട്ടും അത് വകവെക്കാതെ കൂടുതല്‍ ‘പ്രകോപനപരമായി’ പെരുമാറിയ പൊലീസ് നടപടി സിപിഎം നേതൃത്വവുമായി രൂക്ഷമായ അഭിപ്രായവ്യത്യാസത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ ശൈലിയിലേക്ക് പൊലീസ് സേനയും മാറുന്നതായാണ് ഈ സംഭവം നല്‍കുന്ന സൂചന. കൊച്ചിയിലെ സംഭവത്തില്‍ മറ്റ് ഉദ്യോഗസ്ഥരെ മുഖവിലക്കെടുക്കാതെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ പിണറായി തന്നെയാണ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
സക്കീര്‍ ഹുസൈനെ ചോദ്യം ചെയ്താല്‍ പല ഉന്നതരുടെയും പേര് പുറത്ത് വരുമെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക് സിപിഎം നേതൃത്വത്തിന്റെ പ്രതിരോധം സംശയകരമായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
ഗുരുതരമായ കേസില്‍പ്പെട്ടിട്ടും സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രം മാറ്റുകയും ജില്ലാ കമ്മറ്റി അംഗമായി തുടരാന്‍ അനുവദിക്കുകയും ചെയ്തതില്‍ പാര്‍ട്ടിക്കകത്തും അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ട്.
ഇതിനിടെ സക്കീര്‍ ഹുസൈനെതിരെ പൊലീസില്‍ പരാതിപ്പെട്ടയാളെ വിളിച്ചുവരുത്തി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരിം നടത്തിയ തെളിവെടുപ്പും വിവാദമായി.
പരാതിക്കാരനായ ജൂബി പൗലോസിനെ എറണാകുളം ഗെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയാണ് പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷനായ എളമരം കരീം പരാതി കേട്ടത്. മറ്റൊരു പരാതിക്കാരനോട്, പ്രശ്‌നം പൊലീസിനെ അറിയിക്കേണ്ടെന്നും പാര്‍ട്ടി പരിഹരിക്കാമെന്നും കരീം ഉപദേശിച്ചു.
സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തതോടെയാണു സംഭവത്തെക്കുറിച്ചു പഠിക്കാന്‍ എളമരം കരീമിനെ അന്വേഷണ കമ്മിഷനായി സിപിഎം നിയോഗിച്ചത്. കരീം കഴിഞ്ഞദിവസം കളമശേരി ഏരിയാ കമ്മിറ്റി അംഗങ്ങളില്‍നിന്നു തെളിവെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് പരാതിക്കാരനായ ജൂബി പൗലോസിനെ ഗെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയത്. ഡയറി ഫാം എന്ന സ്വയംതൊഴില്‍ സംരംഭവുമായി മുന്നിട്ടിറങ്ങിയ തനിക്ക് ഇതിനകം വലിയ നഷ്ടമുണ്ടായെന്നും ഇതില്‍ സക്കീറിന്റെ പങ്ക് കരീമിനോടു വിശദീകരിച്ചെന്നും ജൂബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂബി കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ ഒളിവില്‍പോയത്. പിന്നാലെ മറ്റു പത്തോളം പരാതികളും സക്കീര്‍ ഹുസൈനെതിരെ പൊലീസിനു ലഭിച്ചു. സാഹചര്യം ഇതായിരിക്കെ, പാര്‍ട്ടി കമ്മിഷന്‍ ഇങ്ങനെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് പരാതിക്കാരെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.