അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സി പി എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തതില്‍ ഞെട്ടി എതിരാളികള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുളള തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ട്ടി ഘടകം ഏതെന്ന് പിന്നീട് തീരുമാനിച്ച് നല്‍കാനാണ് തീരുമാനം.
സക്കീര്‍ ഹുസൈനെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതും സക്കീര്‍ ഹുസൈന് അനുകൂലമായാണ് മാറിയിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിലൂടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ ശുദ്ധി തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിരുന്നത്. ഇതും സക്കീറിനെ തിരിച്ചെടുക്കുന്നതിന് സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമാണ് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതായത് സംസ്ഥാന നേതൃത്വത്തിന്റെ കൂടി താല്‍പ്പര്യപ്രകാരമാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് വ്യക്തം. സി.പി.എമ്മില്‍ വിഭാഗീയത കൊടികുത്തി വാണ കാലഘട്ടത്തില്‍ പിണറായി പക്ഷത്തോടൊപ്പം ശക്തമായി നിലകൊണ്ട നേതാവാണ് സി.പി.എമ്മിന്റെ ഈ മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ഭാരവാഹിയും കേന്ദ്ര കമ്മറ്റി അംഗവുമെന്ന നിലയില്‍ സംസ്ഥാന നേതാക്കളുമായി വളരെ അടുത്ത ബന്ധവും സക്കീര്‍ ഹുസൈനുണ്ട്.
മികച്ച സംഘാടകന്‍ കൂടി ആയതിനാലാണ് രണ്ടാമതൊന്നും ആലോചിക്കാതെ തിരിച്ചെടുത്തതെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ എന്ന് പറഞ്ഞാല്‍ എന്നന്നേക്കുമായുള്ള പുറത്താക്കലായി വ്യാഖ്യാനിക്കുന്നവരോട് മറുപടിയില്ലെന്നും പാര്‍ട്ടി ജില്ലാ കമ്മറ്റി എടുത്തത് ശരിയായ നടപടിയാണെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.