സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

പുത്രജയ: ഇസ്‌ലാം മത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യന്‍ സര്‍ക്കാര്‍ നിരസിച്ചു. നായിക്കിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.

നായിക്ക്‌ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.

സാക്കിര്‍ നായിക്കിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന അന്യായ വിചാരണയില്‍ വിശ്വാസമില്ല. എപ്പോഴാണോ സര്‍ക്കാര്‍ തനിക്ക് നീതിയും ന്യായവും ഉറപ്പുവരുത്തുന്നത്, ആ സമയം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നും നായിക്ക്‌ ഇതിനോട് പ്രതികരിച്ചിരുന്നു.

അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക്ക്‌ അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

Top