മുംബൈ: മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എംഎല്‍എ സീഷാന്‍ സിദ്ധിഖിനെ നീക്കി. സീഷാന്റെ പിതാവ് ബാബ സിദ്ധിഖി ഈ മാസമാദ്യം കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. വാന്ദ്രെ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സീഷാന്‍. സീഷാനും അച്ഛനൊപ്പം എന്‍സിപിയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. ഇതിന് പിന്നാലെയാണ് സീഷാനെ മാറ്റിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാബ സിദ്ധിഖിനെ പാര്‍ട്ടി ചിഹ്നമുള്ള പൂമാല അണിയിച്ചാണ് സ്വീകരിച്ചത്. ‘എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് ബാബ സിദ്ധിഖ് പറഞ്ഞിരുന്നു. താന്‍ എവിടെ ആണെങ്കിലും ആ പാര്‍ട്ടിയോട് നീതി പുലര്‍ത്തും. ഇപ്പോള്‍ ഞാന്‍ എന്‍സിപിയിലേക്ക് വന്നു. ഇവിടെയും ഞാന്‍ സത്യസന്ധനായി നിലകൊള്ളും.’ പാര്‍ട്ടി മാറ്റത്തിന് ശേഷം ബാബ സിദ്ധിഖ് പറഞ്ഞത് ഇങ്ങനെ.
ബാന്ദ്ര വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ് ബാബ സിദ്ധിഖ്. മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കൂടിയാണ്. മഹാരാഷ്ട്രയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതിനിടെയുള്ള ബാബ സിദ്ധിഖിന്റെ ചുവട് മാറ്റം പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.