കീവ്: റഷ്യന്‍ നിയന്ത്രണത്തില്‍ നിന്നും 6000 ചതുരശ്ര കി.മി പ്രദേശം തിരിച്ചുപിടിച്ചതായി യുക്രൈൻ പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെയാണ് സെലന്‍സ്‌കിയുടെ അവകാശവാദം. സൈനിക നീക്കം തുടരുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
ഹാര്‍കാവിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ചില പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതായി റഷ്യയും സമ്മതിക്കുന്നുണ്ട്. യുക്രൈനിന്റെ തിരിച്ചടി യുദ്ധത്തിലെ വലിയ മുന്നേറ്റമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
എന്നാല്‍ യുക്രൈനിന്റെ തെക്കന്‍മേഖലയിലെ ലുഹാന്‍സ്‌ക്, ഡൊണ്‍സ്റ്റെക്ക് എന്നീ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് സൈന്യത്തെ പുനക്രമീകരിക്കാന്‍ വേണ്ടി മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുകയായിരുന്നുവെന്നാണ് മോസ്‌കോ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അവകാശവാദത്തെ റഷ്യയില്‍ പോലും പരിഹാസത്തിന് വകയായി. പല സോഷ്യല്‍ മീഡീയാ ഉപഭോക്താക്കളും റഷ്യയുടെ അവകാശവാദത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു.