സിനദിന്‍ സിദാന്‍ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: സിനദിന്‍ സിദാന്‍ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സിദാനുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിനിടെയാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്ത് വന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സമീപ കാലചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇക്കുറി. 7 മത്സരങ്ങള്‍ക്കൊടുവില്‍ 10 പോയിന്റ് മാത്രമാണ് നേടിയത്. സിറ്റി , ലിവര്‍പൂള്‍ ടീമുകളേക്കാള്‍ 9 പോയിന്റ് പിന്നിലാണ് ഉള്ളത്.

കളിക്കാരെ പരസ്യമായി ശകാരിക്കുന്ന പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സിനദിന്‍ സിദാന്‍ , യുണൈറ്റഡ് ആസ്ഥാനത്തിനടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ പരിശീലക പദവി വാഗ്ദാനം ചെയ്ത് സിദാനെ സമീപിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം അസംബന്ധമാണെന്നും യുണൈറ്റഡ് നേതൃത്വം പ്രതികരിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലകനെ മാറ്റണമെന്ന വികാരം ക്ലബ്ബില്‍ ശക്തമാകുന്നുണ്ടെങ്കിലും യുണൈറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്വാര്‍ഡിന്റെ പിന്തുണ മൗറീഞ്ഞോയ്ക്കിപ്പോഴുമുണ്ട്. അതേസമയം യുണൈറ്റഡ് പരിശീലകനാകാന്‍ സിദാനു താത്പര്യം ഉണ്ടെന്നാണ് സൂചന ലഭിച്ചത്.

റയല്‍ മാഡ്രിഡിനെ മൂന്ന് വട്ടം ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ സിദാന്‍ മെയില്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല.

Top