ഗുജറാത്ത്: 5,183 ഗര്‍ഭിണികളടക്കം 7.33 ലക്ഷം പേരില്‍ സിക വൈറസ് പരിശോധന നടത്തി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. 22, 24 തീയതികളില്‍ 4.21 ലക്ഷം പേരില്‍ സര്‍വ്വേ നടത്തിയിരുന്നു. ഒരു ദിവസം 3.11 ലക്ഷം പേരില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 390 സംഘങ്ങള്‍ ഓരോ ദിവസവും 9,000 പേരെ വീതമാണ് സര്‍വ്വേയ്ക്ക വിധേയരാക്കുന്നത്.
പ്രദേശത്തെ ചിലര്‍ക്ക് സിക രോഗ ബാധ സംശയിച്ച പശ്ചാത്തലത്തിലാണ് വലിയ പരിശോധന യജ്ഞം സര്‍ക്കാര്‍ ആരംഭിച്ചത്. ഈ മാസം 22ന് 20 സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു. അതില്‍ ഒരെണ്ണത്തിന് സിക സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു ശേഷം ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 257 ഗര്‍ഭിണികളില്‍ സികയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ അയച്ചിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട ഒന്നും തന്നെ ഇല്ലെന്നാണ് പരിശോധനാ ഫലം.
ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് സിക പരത്തുന്നത്. പനി, ശരീര വേദന (പ്രത്യേകിച്ച് സന്ധികളില്‍), തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 2 മുതല്‍ 7 ദിവസം വരെ ഈ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ അത് സികയ്ക്കുള്ള സാധ്യതയായി കണക്കാക്കാം. എന്നാല്‍, മിക്ക സിക ബാധിതരിലും ഇത്തരം ലക്ഷണങ്ങള്‍ വലിയ കാര്യമായി കണാറില്ല.