ജയ്പൂര്‍: രാജസ്ഥാനില്‍ സിക വൈറസ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. രോഗം പരക്കുന്നത് തടയാനുള്ള നടപടികളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിക ബാധിച്ചവരില്‍ 23 പേര്‍ സ്ത്രീകളാണ്. ജയ്പൂരിലും മറ്റ് രണ്ട് ജില്ലകളിലുമായി പുതിയ 20 കേസുകളാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിക, ഡെങ്കു, ചികുന്‍ഗുനിയ എന്നിവ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച കൊതുക് സാമ്പിളില്‍ നിന്ന് സിക വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. സിക വൈറസ് ബാധിച്ച രോഗികള്‍ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുവെന്നാണ് അധികൃതര്‍ അറിയിച്ചത്. നാലില്‍ മൂന്ന് പേരില്‍നിന്നും രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയെന്നും അവര്‍ വ്യക്തമാക്കി.
കൊതുകിനെ നശിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. പനി, ത്വക്കിലെ പാടുകള്‍, ചെങ്കണ്ണ്, പേശീവേദന എന്നിവയാണ് സികയുടെ ലക്ഷണങ്ങള്‍. ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇത് വളരെയധികം ഹാനികരമാണ്. ഇത് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയാണ് ബാധിക്കുക.