ജനീവ: സിക്ക വൈറസ് ആഗോള പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിസന്ധി നേരിടാന്‍ അന്താരാഷ്ട്ര തരത്തില്‍ ഏകോപനത്തോടെയുള്ള നടപടികള്‍ക്കും സംഘടന ആഹ്വാനംചെയ്തു.
ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതിയുടെ തീരുമാനം അനുസരിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിക്ക വൈറസ് ഭയാനകമായ വേഗത്തില്‍ പടരുന്നതായാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ചെറിയ തലച്ചോറുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നതിന് സിക്ക വൈറസുമായി ബന്ധമുണ്ടെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ആഗോള തലത്തിലുള്ള സംയോജിത നടപടികള്‍ ഉണ്ടാകും. രോഗപ്രതിരോധത്തിനുംമരുന്ന് ഗവേഷണത്തിനുമായി കൂടുതല്‍ ഫണ്ട് കിട്ടാനും ഇത് കാരണമാകും. ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയെ പിടികൂടിയ എബോളയെക്കാള്‍ വലിയ പ്രതിസന്ധിയായി സിക്ക മാറിയേക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. എബോള പടര്‍ന്ന് പിടിച്ചപ്പോഴാണ് ഇതിന് മുന്‍പ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എബോളയുടെ കാര്യത്തില്‍ പ്രഖ്യാപനം വൈകിയത് കടുത്ത വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികളുമായി മുന്നോട്ട് പോകുന്നത്.