റിയോ ഡി ജനീറോ: സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റയോ ഡി ജനീറോയില്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നീട്ടിവെക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും പ്രഫസര്‍മാരും ആരോഗ്യവിദഗ്ധരും ഉള്‍പ്പടെ 150 പേര്‍ ഒപ്പുവച്ച കത്തിലാണ് ലോകാരോഗ്യ സംഘടനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രസീലില്‍ ആരോഗ്യമേഖലയുടെ ദുര്‍ബലാവസ്ഥയും കൊതുക് നിര്‍മാര്‍ജനത്തിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം.
ഗുരുതരമായ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന സിക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന ബ്രസീലില്‍ വീണ്ടും സന്ദര്‍ശനം നടത്തണമെന്നും ശാസ്ത്രഞ്ജരുടെ സംഘം ആവശ്യപ്പെട്ടു.
എന്നാല്‍ സികയുടെ പേരില്‍ ഒളിമ്പിക്‌സ് മാറ്റില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി(ഐ.ഒ.സി) നേരത്തെ തന്നെ അറിയിച്ചിരുന്നു. സിക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗെയിംസിന്റെ തീയതിയോ വേദിയോ മാറ്റാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ലെന്നും ഐ.ഒ.സി വ്യക്തമാക്കി. ആഗസ്റ്റ് അഞ്ച് മുതല്‍ 21 വരെയാണ് റയോ ഒളിമ്പിക്‌സ്.
സിക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനായി പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ ഏര്‍പ്പാടാക്കുമെന്ന് ഒളിമ്പിക്‌സ് സംഘാടകര്‍ അറിയിച്ചിരുന്നു. ലോകത്താകമാനം 1.5 ലക്ഷം മില്യണ്‍ ആളുകള്‍ക്ക് സിക്ക വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.