zika viruss – us – child

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈകല്യത്തോടെ ജനിച്ച കുട്ടികളില്‍ പലര്‍ക്കും സിക്ക വൈറസ് ബാധിച്ചിരുന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന സിക്ക വൈറസ് യുഎസിലും വളരെ വേഗം പടരുന്നതായാണ് കണ്ടെത്തല്‍.

സിക്ക വൈറസ് മുതിര്‍ന്നവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അന്നെ ഷുചാറ്റ് അറിയിച്ചു.

തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കും വൈറസ് കാരണമാകുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

ശരീരത്തിലെ ഞരുമ്പുകള്‍ തകരാര്‍ ഉണ്ടാക്കുന്നതിനും താത്കാലികമായി ശരീരഭാഗങ്ങള്‍ തളര്‍ന്നുപോകുന്നതിലേക്കും ചിലരില്‍ ശ്വാസതടസം ഉണ്ടാക്കുന്നതിലേക്കും നയിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

യുഎസിലെ 33 സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊതുകു പടര്‍ത്തുന്ന വൈറസ് കൂടുതല്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായാണ് സംശയിക്കുന്നത്. രോഗം ബാധിച്ചവരെ സൂക്ഷമായ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും വിദഗ്ധര്‍ അറിയിച്ചു.

മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന സിക്ക വൈറസ് ഏറ്റവുമധികം ദുരിതം വിതച്ചതു ബ്രസീലിലാണ്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന സിക്ക വൈറസ് ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെ തലച്ചോറിനെയും തകരാറിലാക്കും.

ചികുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകാണ് സിക്കയും പരത്തുന്നത്. ലൈംഗീക ബന്ധത്തിലൂടെയും വൈറസ് പകരുമെന്നും കണ്ടെത്തിയിരുന്നു.

Top