ഹരാരെ: ഏകദിന ചരിത്രത്തില്‍ ആദ്യമായി 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് സിംബാബ്‌വെ ക്രിക്കറ്റ് ടീം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരെയായിരുന്നു സിംബാബ്‌വെയുടെ തകര്‍പ്പന്‍ പ്രകടനം. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്ത സിംബാബ്‌വെ, യുഎസ്എയെ വെറും 104 റണ്‍സിന് പുറത്താക്കി 304 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി. ഏകദിനത്തില്‍ 400 റണ്‍സോ അതിന് മുകളിലോ സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ ടീമാണ് സിംബാബ്‌വെ. ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വിജയമാണിത്. ഈ വര്‍ഷം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പേരിലാണ് ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയത്തിന്റെ റെക്കോഡ്.
ഏകദിനത്തില്‍ സിംബാബ്വെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2009-ല്‍ കെനിയക്കെതിരേ ഏഴിന് 351 റണ്‍സെടുത്തതായിരുന്നു അവരുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.
ക്യാപ്റ്റന്‍ സീന്‍ വില്യംസിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവിലാണ് സിംബാബ്‌വെ കൂറ്റന്‍ സ്‌കോറിലെത്തിയത്. 101 പന്തുകള്‍ നേരിട്ട വില്യംസ് 21 ഫോറും അഞ്ച് സിക്‌സുമടക്കം 174 റണ്‍സെടുത്ത് പുറത്തായി. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ഇന്ത്യയില്‍ വേരുകളുള്ള അഭിഷേക് പരാദ്കറാണ് പുറത്താക്കിയത്.
103 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത ഓപ്പണര്‍ ജോയ്‌ലോര്‍ഡ് ഗംബി, വില്യംസിന് ഉറച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 160 റണ്‍സാണ് സിംബാബ്‌വെ ഇന്നിങ്‌സിന്റെ നട്ടെല്ല്. 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 48 റണ്‍സടിച്ച സിക്കന്ദര്‍ റാസയുടെയും 16 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 47 റണ്‍സടിച്ച റയാന്‍ ബേളിന്റെയും വെടിക്കെട്ട് പ്രകടനങ്ങളും സിംബാബ്‌വെ സ്‌കോര്‍ 400 കടക്കാന്‍ സഹായിച്ചു. റാസയെ കൂട്ടുപിടിച്ച് 88 റണ്‍സും ബേളിനെ കൂട്ടുപിടിച്ച് 81 റണ്‍സും വില്യംസ് സിംബാബ്‌വെ സ്‌കോറിലേക്ക് ചേര്‍ത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്ക് സിംബാബ്വെ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഏഴാമനായി ഇറങ്ങി 31 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത അഭിഷേക് പരാദ്കറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. അഭിഷേകിനെ കൂടാതെ ജസ്ദീപ് സിങ് (21), ഗജാനന്ദ് സിങ് (13) എന്നിവര്‍ മാത്രമാണ് യുഎസ് ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത്.
ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഇതിനു മുമ്പ് ഏകദിനത്തില്‍ 400 റണ്‍സടിച്ചിട്ടുള്ളത്. ഇതില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയുമാണ് കൂടുതല്‍ തവണ 400 റണ്‍സ് സ്‌കോര്‍ ചെയ്ത ടീമുകള്‍. ആറ് തവണയാണ് ഇരു ടീമും ഏകദിനത്തില്‍ 400-ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ട് അഞ്ച് തവണയും ഈ നേട്ടത്തിലെത്തി.