ന്യൂഡല്‍ഹി: പരാതി പറയാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരില്‍ അപമാനിച്ച സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ സൊമാറ്റോ, പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുത്തു. ഹിന്ദി അറിയാത്തതിനാല്‍ പണം റീഫണ്ട് ചെയ്യാനാകില്ലെന്ന കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ട്വിറ്ററില്‍ ചര്‍ച്ചയായതിന് പിന്നാലെ സൊമാറ്റോ മാപ്പുപറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനെ തിരിച്ചെടുത്തിരിക്കുകയാണ് സൊമാറ്റോ. തങ്ങളുടെ കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ ഭാഷയില്‍ പ്രാവീണ്യരല്ലെന്നും, ഭാഷാ പരമായ വികാരങ്ങള്‍ ഇല്ലെന്നുമായിരുന്നു ഇതിന് നല്‍കിയ വിശദീകരണം.
തിങ്കളാഴ്ച്ചയാണ് ഉപഭോക്താവായ വികാശ് സൊമാറ്റോ ജീവനക്കാരനുമായുള്ള സംഭാഷണം അടങ്ങിയ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചത്. വികാശിന്റെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സൊമാറ്റോ ജീവനക്കാരനുമായി ഇക്കാര്യത്തെ കുറിച്ച് നടത്തിയ സംഭാഷണത്തിനിടെയാണ് വിവാദമായ ഭാഷാ പ്രശ്‌നം ഉടലെടുക്കുന്നത്. ഭക്ഷണം നല്കിയ റസ്‌റ്റോറന്റുമായി അഞ്ചുതവണ ബന്ധപ്പെട്ടെങ്കിലും ഭാഷ അറിയാത്തതുകൊണ്ട് ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് സൊമാറ്റോ ജീവനക്കാരന്‍ വികാശിനോട് വിശദീകരിച്ചത്.
എന്നാല്‍ തമിഴ്‌നാട്ടില്‍ സൊമാറ്റോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തമിഴ് അറിയുന്ന ഒരാളെ ഇക്കാര്യത്തില്‍ നിയോഗിക്കുകയാണ് വേണ്ടതെന്നും താന്‍ ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ തിരിച്ചെടുക്കുകയാണെന്നും വികാശ് അറിയിച്ചു. തുടര്‍ന്ന് ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയ ഭാഷയെന്ന് അറിക്കട്ടെയെന്നും ഹിന്ദി കുറച്ചെങ്കിലും എല്ലാവര്‍ക്കും അറിയണമെന്നുമായിരുന്നു വികാശിനോട് സൊമാറ്റോ ജീവനക്കാരന്റെ പ്രതികരണം.
തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വികാശ് ട്വിറ്ററില്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം നല്കി പ്രതികരിക്കുകയായിരുന്നു. വികാശിന്റെ പോസ്റ്റ് വൈറലാവുകയും സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുകയുമായിരുന്നു. ഉടന്‍ മാപ്പുപറയണമെന്ന് സൊമാറ്റോക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തു. എപ്പോഴാണ് ഹിന്ദി ദേശീയ ഭാഷയാക്കിയതെന്നായിരുന്നു ധര്‍മ്മപുരി എംപി സെന്തില്‍ കുമാര്‍ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ചോദിച്ചത്. ആയിരകണക്കിന് ‘സൊമാറ്റോ ഒഴിവാക്കുക’ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ നിറഞ്ഞത്.