ഹനുമാന്‍ കുരങ്ങിനെ മയക്കുവെടി വെക്കില്ല; സാവകാശം പിടിക്കൂടും

തിരുവനന്തപുരം: മൃഗശാലയിലെ ഹനുമാന്‍ കുരങ്ങിനെ മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍. മയക്കുവെടി വെക്കാന്‍ ആദ്യം പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കുരങ്ങിന് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

കൂടുതല്‍ ശല്യം ചെയ്യാതെ സാവകാശം കുരങ്ങിനെ പിടികൂടാനാണ് തീരുമാനമെന്ന് മൃഗശാല സൂപ്രണ്ട് പ്രതികരിച്ചു. കുരങ്ങ് മൃഗശാല കോമ്പൗണ്ടില്‍ തന്നെ ഉണ്ട്. കുരങ്ങിനെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ വീണ്ടും ചാടി പോകാന്‍ സാധ്യതയുണ്ടെന്നും കുരങ്ങ് തിരിച്ചിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നു.

മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതര്‍ അറിയിച്ചത്. വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോള്‍ കുരങ്ങ് ചാടിപ്പോയത്. പെണ്‍ കുരങ്ങിനെയാണ് കാണാതായത്. തിരുപ്പതിയില്‍ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാന്‍ കുരങ്ങിനെ എത്തിച്ചത്. അക്രമസ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top