തിരുവനന്തപുരം: സിംഹക്കൂട്ടില്‍ ചാടിയ സന്ദര്‍ശകനെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കൂട്ടിലിറങ്ങിയ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് വകുപ്പുമന്ത്രിയുടെ പാരിതോഷികം. ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം പാരിതോഷികമായി നല്‍കാനാണ് തീരുമാനം.
ഒന്‍പതു പേരാണ് ഒറ്റപ്പാലം സ്വദേശി മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ സിംഹക്കൂട്ടിലിറങ്ങിയത്. കീപ്പര്‍മാരായ ബിജു, സജി, ഷൈജു, മധു, അല്‍ഷാദ, അരുണ്‍, ഉദയലാല്‍, രാജീവ്, കിരണ്‍ എന്നിവര്‍ക്കാണ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചത്. മുരുകന്‍ സിംഹത്തിന്റെ തുറന്ന കൂട്ടിലേക്ക് ചാടിയെന്ന് അറിയിപ്പു കിട്ടിയതോടെ കീപ്പര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങുകയായിരുന്നു.
മൃഗശാലാ ഡയറക്ടറുടേയും സൂപ്രണ്ടിന്റെയും അനുവാദത്തോടെ അവര്‍ കൂട്ടിലേക്കിറങ്ങി. ഇരുമ്പു കൂട്ടില്‍ നിന്നും തുറന്ന കൂട്ടിലേക്ക് ഗ്രേസി എന്ന സിംഹത്തെ മാത്രമാണ് തുറന്നു വിട്ടിരുന്നത്. അതിനാല്‍ മുരുകനെ വേഗത്തില്‍ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനായെന്ന് ഇവര്‍ പറയുന്നു.