മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ZPM; ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും

ഐസ്വാൾ: മിസോറമിൽ വലിയ വിജയം നേടിയതിന് പിന്നാലെ വളരെ വേഗം മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കവുമായി സൊറം പീപ്പിൾസ് മൂവ്മെൻറ്. മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് സൊറം പീപ്പിൾസ് മൂവ്മെൻറ് കടന്നെന്നാണ് റിപ്പോർട്ട്. ഇന്നോ മറ്റന്നാളോ ഗവർണറെ കണ്ട് മന്ത്രി സഭരൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.

ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്ന് സെഡ്.പി.എം അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ലാൽധുഹോമ ഫലം പുറത്ത് വന്നതിന് പിന്നാലെ പറഞ്ഞിരുന്നു. എം.എൻ.എഫിനെ അട്ടിമറിച്ച്‌ ചരിത്ര വിജയമാണ് സെഡ്.പി.എം മിസോറാമിൽ നേടിയത്. ആറ് പ്രാദേശിക പാർട്ടികൾ ചേർന്ന് 2017 ൽ രൂപീകരിച്ച പാർട്ടിയാണ് സൊറം പീപ്പിൾസ് മൂവ്‌മെൻറ്. അതിനാൽ,പ്രാദേശിക പാർട്ടികളുടെ പ്രതിനിത്യം മന്ത്രിസഭയിലുണ്ടാകും.

ഭരണകക്ഷിയായ എം.എൻ.എഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയും എംഎൻഎഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സൊറം പീപ്പിൾസ് മൂവ്മെന്റ് സ്ഥാനാർഥി ലാൽതൻസങ്കയോട് 2101 വോട്ടുകൾക്കാണ് പരാജയമറിഞ്ഞത്. കോൺഗ്രസിനും വലിയ തിരിച്ചടി നേരിട്ടു.നാല് സീറ്റ് ഉണ്ടായിരുന്നു ഒന്നായി കുറഞ്ഞു. അതേസമയം ഒരു സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി അത് രണ്ടാക്കി ഉയർത്തുകയും ചെയ്തു.

Top