തിരുവനന്തപുരം: ബജറ്റ് അവതരണദിവസം നിയമസഭയിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ശിവന്‍കുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ പി ജയരാജന്‍, കെടി ജലീല്‍ എന്നീ അഞ്ച് എംഎല്‍എമാര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബജറ്റിനായി ചേരുന്ന സഭയുടെ കാലാവധി തീരുന്നതുവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു.നിയമസഭയിലെ സംഭവങ്ങള്‍ കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിന് പരിധി വേണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നടപടി അംഗീകരിക്കില്ലെന്നും തീര്‍ത്തും ഏകപക്ഷീയമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വനിതാ അംഗങ്ങളെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. മാര്‍ച്ച് 23നു സഭ തുടര്‍ന്നു സമ്മേളിക്കും. മുഖ്യമന്ത്രിയാണു സഭ പിരിയണമെന്ന ആവശ്യം ഉന്നയിച്ചത്.