അട്ടിമറി ലക്ഷ്യമിട്ട് അയര്‍ലാന്‍ഡ്

ഹാമില്‍ട്ടണ്‍: ലോകകപ്പില്‍ ഇന്ത്യ ഇന്ന് അയര്‍ലാന്‍ഡിനെ നേരിടും. ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യയെ അട്ടിമറിച്ച് തങ്ങളുടെ ക്വാര്‍ട്ടര്‍സ്ഥാനം ഉറപ്പിക്കാനാകും അയര്‍ലാന്‍ഡിന്റെ ശ്രമം. നാല് കളികളില്‍ നിന്നായി ആറ് പോയന്റാണ് അയര്‍ലാന്‍ഡിനുള്ളത്. ഇന്ത്യയാകട്ടെ കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ന് ഇന്ത്യയുടെ ജയത്തിനായി പ്രാര്‍ത്ഥിക്കുന്ന രണ്ട് ടീമുകളുണ്ട് ഗ്രൂപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും. ഇരു ടീമിനും ക്വാര്‍ട്ടറില്‍ സ്ഥാനം പിടിക്കണമെങ്കില്‍ അയര്‍ലാന്‍ഡ് ഇന്ത്യയോട് തോല്‍ക്കണം. പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ വെസ്റ്റിന്‍ഡീസാണ് ഇന്ത്യയുടെ ജയം കൂടുതല്‍ ആഗ്രഹിക്കുന്നത്. കളിച്ച അഞ്ച് കളികളില്‍ നിന്ന് നാല് പോയന്റാണ് വിന്‍ഡീസിനുള്ളത്.
പാക്കിസ്ഥാനാകട്ടെ ആറ് പോയന്റുണ്ട് അയര്‍ലാന്‍ഡ് ഇന്ത്യയോട് തോറ്റാലും ഇല്ലെങ്കിലും അടുത്ത മത്സരത്തില്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിക്കാം. എന്നാല്‍ വെസ്റ്റിന്‍ഡീസിനാകട്ടെ അയര്‍ലാന്‍ഡ് ഇന്ത്യയോടും പാക്കിസ്ഥാനോടും തോല്‍ക്കുകയും വേണം. ഇന്ത്യ അയര്‍ലാന്‍ഡിനോട് തോല്‍ക്കുകയും പാക്കിസ്ഥാന്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ വെസ്റ്റിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഫോം പരിഗണിക്കുമ്പോള്‍ അയര്‍ലാന്‍ഡ് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള സാധ്യകള്‍ വളരെ കുറവാണ്.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും തകര്‍പ്പന്‍ ഫോമിലാണ്. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍ മുതല്‍ ക്യാപ്റ്റന്‍ ധോണി വരെയുള്ളവരെല്ലാം ടീമിന്റെ ജയങ്ങളില്‍ പ്രധാന പങ്ക് വഹിച്ചപ്പോള്‍ ബൗളര്‍മാര്‍ എതിര്‍ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കുകയും ചെയ്തു. അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബൗളര്‍മാരുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ജയം നേടിയത്. അയര്‍ലാന്‍ഡിനെ എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സാധിക്കുകയുമില്ല.

Top