ന്യൂഡല്‍ഹി: പ്രതിസന്ധികളെയും അട്ടിമറികളെയും അതിജീവിച്ച മലയാളി ഐപിഎസ് ഓഫീസര്‍ക്ക് ഒടുവില്‍ ദേശീയ ആദരം. പ്രമുഖ വാര്‍ത്താ ചാനലായ സിഎന്‍എന്‍- ഐബിഎന്നിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ 2014 പുരസ്കാരം മുഖ്യമന്ത്രിമാരെയും താരപ്പടയെയും മറികടന്നാണ് ഡിഐജി പി. വിജയന് സ്വന്തമാക്കിയത്.
സ്റ്റുഡന്റ്സ് പൊലീസ് സംവിധാനം രാജ്യത്തിന് മാതൃകയായി നടപ്പാക്കിയതിന് നല്കിയ സംഭാവനയാണ് ഈ ഐപിഎസുകാരനെ നേട്ടത്തിന് പ്രാപ്തമാക്കിയത്.
വിജയനുമായി പൊരുതിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു രാഷ്ട്രീയ വിഭാഗത്തിലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു. മറ്റ് നാല് കാറ്റഗറിയിലെ വിജയികളെ പ്രഖ്യാപിച്ചിട്ടില്ല. സിഎന്‍എന്‍-ഐബിഎന്നിന്റെ ഇന്ത്യന്‍ ഓഫ് ദ ഇയറിന്റെ വിക്കിപീഡിയ പേജിലാണ് പി. വിജയന്റെയും ചന്ദ്രശേഖര റാവുവിന്റെയും വിജയം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക പ്രഖ്യാപനം മറ്റ് വിഭാഗങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം ഉടനുണ്ടാകും.
പബ്ലിക് സര്‍വ്വീസ്, പൊളിറ്റിക്സ്, സ്പോര്‍ട്സ്, ബിസിനസ്, എന്റര്ടെയ്ന്മെന്റ്, ഗ്ലോബല്‍ ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയരായ വ്യക്തികള്‍ക്കാണ് ഓരോ വര്‍ഷവും ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്കി വന്നിരുന്നത്. ഇതില്‍ ഏറ്റവും ശ്രേദ്ധേയരായ വ്യക്തികളെ ഉന്നതര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പേഴ്സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിക്കുകയാണ് പതിവ്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫെയ്സ്ബുക്ക് വഴി വോട്ടിംഗിലൂടെയാണ് ഇത്തവണത്തെ പേഴ്സണ്‍ ഓഫ് ദ ഇയറിനെ തെരെഞ്ഞെടുത്തത് എന്ന പ്രത്യേകത കൂടിയുണ്ട്. മത്സരരംഗത്ത് വിജയനും ചന്ദ്രശേഖരറാവുവിനും പുറമെ ഇന്ത്യന്‍ ആര്‍മിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഓറീസാ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബിജെപി പ്രസിഡന്റ് അമിത് ഷാ, ബോളിവുഡ് താരങ്ങളായ അമീര്ഖാന്, സല്മാന്ഖാന്, ഷാരൂഖ് ഖാന്, തുടങ്ങിയവരുമുണ്ടായിരുന്നു.
ജനുവരി 4-ന് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പ് ജനുവരി 31-ലേക്കും പിന്നീട് ഫെബ്രുവരി 11-ലേക്കും നീട്ടിയിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം വന്‍ മാര്‍ജിനില്‍ പി. വിജയനായിരുന്നു മുന്നില്‍. ഇതിന് ശേഷം പിന്നീട് വീണ്ടും വോട്ടെടുപ്പ് അനന്തമായി ചാനല്‍ അധികൃതര്‍ നീട്ടിയത് അവാര്‍ഡിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണവുമായിരുന്നു.
ജനുവരി നാലിന് വോട്ടെടുപ്പ് നീട്ടിവച്ച ഘട്ടത്തില്‍ ഇടക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വന്‍ മാര്‍ജിനില്‍ വിജയനെ മറികടക്കുകയും വിജയന്റെ വോട്ടിംഗ് നില കുത്തനെ താഴുകയും ചെയ്തതാണ് സംശയത്തിനിട നല്‍കിയിരുന്നത്. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് തലയൂരിയത്.
മത്സരാര്‍ത്ഥികളായ മറ്റ് 34 പേരുടെ വോട്ടിംഗ് നിലയില്‍ മാറ്റം വരാതെ വിജയന്റെ വോട്ടിംഗ് ശതമാനം ഒറ്റയടിക്ക് 19 ശതമാനമായി കുറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയിരുന്നത്. ഇതിനെതിരെ സിഎന്‍എന്‍- ഐബിഎന്നിന്റെ ഒഫിഷ്യല്‍ പേജിലും ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ മീഡിയ കണ്ണ് തുറന്നതോടെ യാഥാര്‍ത്ഥ്യത്തിന് മേല്‍ കണ്ണടക്കാന്‍ വ്യവസായ ‘പ്രമുഖന്’നയിക്കുന്ന ചാനലിനും കഴിഞ്ഞില്ലെന്നതാണ് ഇപ്പോഴത്തെ ഫലപ്രഖ്യാപനം സൂചിപ്പിക്കുന്നത്.
2006-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ്, 2007-ല്‍ മെട്രോമാന് ഇ. ശ്രീധരന്, 2008-ല്‍ ചന്ദ്രയാന്‍ ദൗത്യത്തിലെ ശാസ്ത്രജ്ഞര്‍, 2009-ല്‍ സംഗീത സംവിധായകന് എ.ആര് റഹ്മാന്, 2010-ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2011-ല്‍ അണ്ണാ ഹസാരെ, 2012-ല്‍ ചെസ്സ് രാജകുമാരന് വിശ്വനാഥന് ആനന്ദ്, 2013-ല്‍ ഡല്‍ഹി ആസ്ഥാനമായ ‘സ്റ്റോപ്പ് ആസിഡ് അറ്റാക്ക്’എന്ന സംഘടനയുമാണ് നേരത്തെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വാങ്ങിയിട്ടുള്ളത്.
2014-ലെ പബ്ലിക് സര്‍വ്വീസ് വിഭാഗത്തില്‍ മത്സരിച്ച പി. വിജയന് ആദ്യമായി നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണിപ്പോള് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എതിരാളിയായ ചന്ദ്രശേഖരറാവുവിന് 27ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമല്ല കേരള പൊലീസിനും ഇന്റലിജന്‍സ് ഡിഐജിയായ വിജയന്റെ പുരസ്കാര ലബ്ധി ആവേശം നല്‍കുന്നതാണ്. ആദ്യമായാണ് സംസ്ഥാനത്ത് നിന്ന് ഒരു പൊലീസ് ഓഫീസര്‍ ഇത്ര ഉന്നതമായ നേട്ടം സ്വന്തമാക്കുന്നത്.