പത്തനംതിട്ട: പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്.
നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് കെഎസ്ഇബി കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും സുരക്ഷാ പരിശോധന ഉറപ്പ് വരുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
20 മിനിറ്റോളം അണക്കെട്ടില്‍ നിന്ന് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു. തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.