അധികാരമോഹത്താല്‍ അച്ഛനും മകനും; വര്‍ഗ്ഗീയ കാര്‍ഡ് ഏശില്ലെന്നു കണ്ടപ്പോള്‍ മലക്കം മറിഞ്ഞു

കണിച്ചുകുളങ്ങര: ഹൈന്ദവ പിന്നോക്ക വികാരം ഉയര്‍ത്തി കരുത്തു കാട്ടുമെന്ന് വീമ്പിളക്കിയ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നിലപാടില്‍ നിന്ന് മലക്കം മറിയുന്നതിന് പിന്നില്‍ തിരിച്ചടിയാവുമോ എന്ന ഭയം.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി ചേര്‍ന്ന് മൂന്നാം ബദലുണ്ടാക്കി ഹിന്ദുവികാരം ഉയര്‍ത്താനും സിപിഎമ്മിന് കീഴില്‍ അണിനിരന്ന പിന്നോക്ക വിഭാഗത്തെ പുതിയ സഖ്യത്തിലേക്ക് ആകര്‍ഷിച്ച് സിപിഎമ്മിന് ശക്തമായ തിരിച്ചടി നല്‍കാനുമായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം.

ഇക്കാര്യത്തിന് പലവട്ടം വി.എസ് അച്യുതാനന്ദനെ ശിഖണ്ഡിയോട് ഉപമിച്ചും പിണറായിയെ ആക്രമിച്ചും വെള്ളാപ്പള്ളി തന്നെ സ്ഥിരീകരണവും നല്‍കിയിരുന്നു.

വെള്ളാപ്പള്ളിയെ അഴിമതിക്കാരനായി ചിത്രീകരിച്ച വി.എസിന്റെ നടപടിയും പിണറായിയുടെ കടുത്ത നിലപാടുമാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.

എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഹിന്ദു സമുദായ ഐക്യം എന്ന രൂപത്തില്‍ ഒരു സംവിധാനമുണ്ടാക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിലപ്പോവില്ലെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

ജാതിക്കും മതത്തിനും അതീതമായി മനുഷ്യനന്മയെ കാണുന്ന ഗുരുദര്‍ശനത്തിന് തന്നെ ഇത്തരമൊരു പാര്‍ട്ടി രൂപീകരണം എതിരായതിനാല്‍ എതിരാളികള്‍ക്ക് അടിക്കാന്‍ ഒരു വടിയാവുമെന്ന അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്.

ഇതേ തുടര്‍ന്നാണ് സാമൂഹ്യ നീതി ഉറപ്പാക്കുന്ന മതേതര കൂട്ടായ്മ എന്ന രൂപത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്.

എസ്എന്‍ഡിപി യോഗം -ബിജെപി കൂട്ടുകെട്ടിനെതിരെ പൊതു സമൂഹത്തിനിടയില്‍ മികച്ച പ്രതിച്ഛായയുള്ള വിഎസ് അച്യുതാനന്ദനും വിഎം സുധീരനും ആഞ്ഞടിച്ച് രംഗത്ത് വന്നതും വെള്ളാപ്പള്ളിക്കെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചതും യോഗനേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഈ ഒരു സാഹചര്യം കൂടി പരിഗണിച്ചാണ് ബിജെപിയുടെ പിന്‍തുണ എസ്എന്‍ഡിപി ആവശ്യപ്പെട്ടില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആലോചനാ യോഗത്തിനുശേഷം വെള്ളാപ്പള്ളി തുറന്നുപറഞ്ഞത്.

അച്ഛനും മകനും നിലപാടുകള്‍ മാറ്റി പറയുന്നതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനവും അധികാരമോഹത്തിന്റെ അടയാളമായാണ് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ കാണുന്നത്.

സിപിഎം ഘടക കക്ഷിയാക്കിയാല്‍ സന്തോഷമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ വിലപേശല്‍ തന്ത്രമായാണ് സിപിഎം നേതൃത്വം കാണുന്നത്.

വെള്ളാപ്പള്ളിയെയും ‘കുടുംബ താല്‍പര്യ’ങ്ങളെയും പൊതുസമൂഹത്തിനിടയില്‍ തുറന്നു കാട്ടാന്‍ ഇപ്പോഴത്തെ ഈ നിലപാടുകള്‍ തന്നെ ധാരാളമാണെന്ന നിലപാടിലാണ് സിപിഎം.

പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളായ ശ്രീനാരായണീയരോട് വെള്ളാപ്പള്ളിയുടെ കച്ചവട താല്‍പര്യവും അധികാരമോഹവും സമുദായ അംഗങ്ങള്‍ക്കിടിയില്‍ വലിയ ക്യാംപയിനായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി കുടുംബയോഗങ്ങളും വിശദീകരണ യോഗങ്ങളും സംസ്ഥാന വ്യാപകമായി നടത്താനും ലഘുലേഖ അടിച്ചിറക്കാനും കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top