അനധികൃത സ്വത്ത് സമ്പാദന കേസ്‌: ജയലളിതയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. വിചാരണകോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് കുമാര സ്വാമിയാണ് വിധി പ്രഖ്യാപിച്ചത്.

നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. കേസില്‍ ജയലളിതയ്‌ക്കൊപ്പം കുറ്റക്കാരാണെന്നു കണ്ടെത്തിയ തോഴി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരെയും കോടതി കുറ്റ വിമുക്തരാക്കി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27-ന് വിചാരണ കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹയായിരുന്നു ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയലളിത സമര്‍പ്പിച്ച ഹര്‍ജി മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ മാര്‍ച്ച് 12 നാണു ഹൈക്കോടതിയില്‍ വാദം അവസാനിച്ചത്.

കോടതിയുടെ അവധിക്കാലമായതിനാല്‍ ജയലളിതയുടെ കേസ് പരിഗണിക്കുന്നതിനായി മാത്രമാണു കോടതി തിങ്കളാഴ്ച ചേര്‍ന്നത്. വിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.

Top