അനാകോണ്ട ‘ തിന്നുന്നതിന്റെ’ ദൃശ്യങ്ങള്‍ കണ്ടത് 40 ലക്ഷത്തിലധികം പ്രേക്ഷകര്‍

ലോസ് ആഞ്ചലസ്: പ്രകൃതിസ്‌നേഹിയായ പോള്‍ റൊസോലിയെ അനാകോണ്ട ‘ജീവനോടെ തിന്നുന്നതിന്റെ’ ദൃശ്യങ്ങള്‍ കണ്ടത് 40 ലക്ഷത്തിലധികം പ്രേക്ഷകര്‍.

റൊസോലിയെ അനാകോണ്ട വിഴുങ്ങുകയും പിന്നീട് സുരക്ഷിതനായി പുറത്തുവരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ‘ഈറ്റണ്‍ എലൈവ്’ എന്ന ടി.വി. പരിപാടിയില്‍ ഡിസ്‌കവറി ചാനലാണ് സംപ്രേഷണം ചെയ്തത്. ഞായറാഴ്ച അമേരിക്കന്‍ പ്രേക്ഷകര്‍ക്കു മുന്നിലായിരുന്നു പ്രോഗ്രാമിന്റെ ആദ്യ സംപ്രേഷണം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയുടെ ആദ്യ ഒന്നരമണിക്കൂറില്‍ അനാകോണ്ടയ്ക്കായി നടത്തിയ തിരച്ചിലിനെക്കുറിച്ചാണു പറയുന്നത്. പെറുവിലെ കാടുകളില്‍ ആറുമാസത്തിലധികം തിരച്ചില്‍ നടത്തിയിട്ടാണ് റോസല്ലോയും സംഘവും അനാകോണ്ടയെ കണെ്ടത്തിയത്. 20 അടി നീളമുള്ള പെണ്‍ അനാകോണ്ട റൊസോലി യെ വിഴുങ്ങുന്നതിന്റെയും പിന്നീട് പുറത്തുവരുന്നതിന്റെയും ദൃശ്യങ്ങളാണ് പരിപാടിയുടെ അവസാന 30 മിനിറ്റില്‍ കാണിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ സുരക്ഷാസംവിധാനങ്ങളോടു കൂടിയ വസ്ത്രം ധരിച്ചായിരുന്നു റൊസോലി പെരുമ്പാമ്പിനു തിന്നാന്‍ നിന്നുകൊടുത്തത്. കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത വസ്ത്രവും ഹെല്‍മറ്റും ശ്വസന സംവിധാനങ്ങളും ഇദ്ദേഹം ധരിച്ചിരുന്നു. പാമ്പിന്റെ മുന്നില്‍ച്ചെന്ന് റൊസോലിപ്രകോപിപ്പിക്കുകയും തുടര്‍ന്ന് അനാകോണ്ട ഇയാളെ വിഴുങ്ങുകയുമായിരുന്നു.

ഈ രംഗങ്ങളെല്ലാം കാമറയില്‍ പകര്‍ത്തിയിരുന്നു. അനാകോണ്ട വിഴുങ്ങിയ ശേഷമുള്ള റൊസോലി യുടെ മരണവെപ്രാളവും കാമറകള്‍ പകര്‍ത്തിയിരുന്നു. പിന്നീട് സംഘാംഗങ്ങളുടെ സഹായത്തോടെ റൊസോലി പുറത്തുകടക്കുകയായിരുന്നു അതേസമയം, ഡിസ്‌കവറി ചാനലിന്റെ നടപടിക്കെതിരേ മൃഗങ്ങളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പെറ്റ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

Top