അന്ന് കൂടെ 32 പേര്‍; ഇന്ന് ഒറ്റയാന്‍; തോല്‍ക്കാന്‍ മനസില്ലാതെ വി.എസ്‌

ആലപ്പുഴ: 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിഐ) ദേശീയ കൗണ്‍സില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ചതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ് അച്യൂതാനന്ദന്‍ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഒറ്റയാനായി.

ആശയപരമായ എതിര്‍പ്പ് ചൂണ്ടിക്കാട്ടി എ.കെ ഗോപാലന്‍, ഇഎംഎസ്, ഇ.കെ നയനാര്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് അന്ന് വി.എസ് കമ്യൂണിസ്റ്റ് തറവാടിന്റെ പടിയിറങ്ങിയിരുന്നത്.

തങ്ങളാണ് ശരിയെന്ന് തെളിയിക്കാന്‍ പുറത്തിറങ്ങിയ 33പേര്‍ക്കും പിന്നീട് കഴിഞ്ഞു എന്നതും ചരിത്രമാണ്. ജനങ്ങളുടെയും അണികളുടെയും പിന്‍തുണയില്‍ വി.എസ് അടക്കം മുന്‍കൈ എടുത്ത് രൂപീകരിച്ച സിപിഐഎമ്മിന് സിപിഐയെക്കാള്‍ വലിയ പാര്‍ട്ടിയാകാനും രാജ്യത്തെ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കാനും കഴിഞ്ഞു. ബംഗാള്‍, കേരളം, തൃപുര സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതും സിപിഎം മുഖ്യമന്ത്രിമാരാണ്. ഒന്നാം യുപിഎ സര്‍ക്കാരിന് കേന്ദ്രത്തില്‍ നിലനില്‍ക്കാന്‍ അവര്‍ക്ക് കരുത്തായതും സിപിഎം എം.പിമാരുടെ ശക്തമായ പിന്‍തുണയായിരുന്നു. ഫലത്തില്‍ സിപിഎമ്മിന്റെ നിഴലായി മാത്രം ഒതുങ്ങാനായിരുന്നു സിപിഐയുടെ വിധി.

1967-ല്‍ ആണ് ആദ്യമായി വി.എസ് അച്യുതാനന്ദന്‍ നിയമസഭാംഗമായത്. 1970,1991,2001,2006,2011 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തിന് തെരെഞ്ഞെടുക്കപ്പെട്ടു. 1980-92 കാലഘട്ടത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 92-മുതല്‍ 96 വരെയും 2001 മുതല്‍ 2006വരെയും സഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.

2006-ല്‍ മലമ്പുഴയില്‍ നിന്ന് വിജയിച്ച അദ്ദേഹം മെയ് 18ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പോളിറ്റ് ബ്യൂറോയില്‍ നിന്ന് 2009 ജൂലൈ 12ന് ഒഴിവാക്കി.

എന്നാല്‍ അച്യുതാനന്ദന്റെ ജനസമ്മതി കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരകന്‍ വി.എസ് ആയിരുന്നു.

പാര്‍ട്ടിക്കകത്ത് ഏറെ അടുപ്പമുണ്ടായിരുന്ന മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതാണ് ഔദ്യോഗിക നേതൃത്വവുമായി ശക്തമായി ഉടക്കാന്‍ വി.എസിനെ ഇപ്പോഴും പ്രേരിപ്പിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതാണ് വി.എസിന്റെ പ്രധാന ആവശ്യം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഏകാധിപത്യം അവസാനിപ്പിച്ച് നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കുറ്റ വിചാരണയും പ്രതിനിധികളുടെ ഏകപക്ഷീയമായ ആക്രമണവുമാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ വി.എസിനെ പ്രേരിപ്പിച്ചത്. വി.എസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രമേയം തള്ളി പാര്‍ട്ടി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നതും വി.എസിന്റെ മറ്റൊരാവശ്യമാണ്.

ഇക്കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നടപടി സിപിഎം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ 1962ന് സമാനമായ സംഭവ വികാസങ്ങളാകും സിപിഎമ്മില്‍ അരങ്ങേറുക. ഒറ്റയാനായി പൊരുതാനിറങ്ങിയാല്‍ വി.എസിനെ സ്വാഗതം ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Top