മുംബൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ജന്മദിനം സ്‌കൂള്‍ ബാഗ് രഹിത ദിനമായി ആചരിക്കാന്‍ മുംബൈ ഒരുങ്ങുന്നു. കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 വായനാ ദിനമായി ആചരിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പാഠ്യേതര പുസ്തകങ്ങള്‍ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ അന്നേദിവസം വായിക്കണമെന്നും എക്‌സിബിഷനുകള്‍ സംഘടിപ്പിക്കണമെന്നും കുട്ടികള്‍ക്കു പ്രശസ്ത എഴുത്തുകാരെ പരിചയപ്പെടുത്തണമെന്നും കാണിച്ചു സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പഠനപുസ്തകങ്ങള്‍ക്കു പുറമെ മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതിനും അവസരമൊരുക്കും.ഏകദേശം ആറു ലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി ചിലവഴിക്കുന്നത്.
ഒക്ടോബര്‍ 15ന് സ്‌കൂള്‍ ബാഗ് രഹിത ദിനമായി ആചരിക്കുന്നതിനും മുംബൈ നഗരാധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അന്ന് ഒരു ദിവസം കുട്ടികള്‍ക്ക് സ്‌കൂളില്‍ ബാഗ് കൊണ്ടുവരാതെയിരിക്കാമെന്ന് അവര്‍ വ്യക്തമാക്കി.