അമേരിക്കയില്‍ പൊലീസ്‌ ഉദ്യോഗസ്ഥനെ വധിച്ചയാള്‍ പിടിയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസ്‌ ഓഫീസറെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പിടികിട്ടാപ്പുള്ളിയെ പൊലീസ്‌ അറസ്റ്റ് ചെയ്തു. നൂറോളം പോലീസുകാര്‍ ഏഴ് ആഴ്ചകളോളം പെന്‍സില്‍വാനിയ കാടുകളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് എഫ് ബി ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട എറിക് ഫ്രെയിന്‍ എന്നയാളെ പിടികൂടിയത്. ഉപേക്ഷിക്കപ്പെട്ട എയര്‍പോര്‍ട്ട് ഷെഡ്ഡില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഫ്രെയിന്‍ ചെയ്തതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

പൊലീസ്‌ ഓഫീസറെ കൊലപ്പെടുത്തുകയും മറ്റൊരു ഓഫീസറെ പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഫ്രെയിനിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. 33കാരനായ ഫ്രെയിന്‍ ഏറെ അപകടകാരിയാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമായിട്ടില്ല. സെപ്തംബറിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയ ഇയാള്‍ നിരന്തരം ഓണ്‍ലൈനിലൂടെ ഭീഷണി മുഴക്കിയിരുന്നു.

Top