ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അയര്‍ലണ്ട് ഉയര്‍ത്തിയ 260 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (100), രോഹിത് ശര്‍മ (64) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്.
85 പന്തില്‍ 11 ഫോറും അഞ്ചു സിക്‌സറും പറത്തിയാണ് ധവാന്‍ നൂറ് റണ്‍സെടുത്തത്. 66 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 174 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1996ല്‍ കെനിയ്‌ക്കെതിരായ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അജയ് ജഡേജയും ചേര്‍ന്നെടുത്ത 163 റണ്‍സായിരുന്നു ഇതിനു മുന്പുണ്ടായിരുന്ന റെക്കാഡ്. വിരാട് കോഹ്‌ലി (44), അജിങ്ക രഹാനെ (33) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 49 ഓവറില്‍ 259 റണ്‍സിന് പുറത്തായി. ക്യാപ്ടന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡും (67), നിയാല്‍ ഒബ്രിയനും (75) നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് അയര്‍ലന്‍ഡിനെ പ്രതിരോധിക്കാവുന്ന സ്‌കോറിലെത്തിച്ചത്. അയര്‍ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിംഗും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എട്ടാം ഓവറില്‍ അയര്‍ലന്‍ഡിന്റെ സ്‌കോര്‍ 50 കടന്നു. എന്നാല്‍, സ്റ്റിര്‍ലിങിനെ (42) പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് വന്ന എഡ് ജോയ്‌സ് രണ്ടു റണ്‍സിന് പുറത്തായി. മൂന്നാം വിക്കറ്റില്‍ പോര്‍ട്ടര്‍ഫീല്‍ഡും നീല്‍ ഒബ്രീനും ചേര്‍ന്ന് 53 റണ്‍സ് ചേര്‍ത്ത് ഇന്നിംഗ്‌സ് കെട്ടിപ്പെടുത്തു. നാലാം വിക്കറ്റില്‍ ബാല്‍ബിര്‍ണി(24)യോടൊപ്പം 61 റണ്‍സും നീല്‍ ഒബ്രീന്‍ ചേര്‍ത്തു. നാല്‍പത്തി രണ്ടാം ഓവറില്‍ ഏഴാമനായി ഒബ്രിയന്‍ പുറത്താവുമ്പോാള്‍ ടീം സ്‌കോര്‍ ഇരുന്നൂറ് കടന്നിരുന്നു.