തിരുവനന്തപുരം: ജി. കാര്‍ത്തികേയന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് ഉറപ്പായ അരുവിക്കര മണ്ഡലത്തില്‍ മുന്നണികള്‍ മുന്നൊരുക്കം തുടങ്ങി. സ്ഥാനാര്‍ഥി കാര്യത്തില്‍ തീരുമാനമൊന്നുമായില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ആരംഭിച്ചു. യുഡിഎഫ്, ഇടതുമുന്നണി സ്ഥാനാര്‍ഥിക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയും മത്സരത്തിനുണ്ടാകുമെന്ന് പ്രാഥമിക സൂചനകള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട അരുവിക്കരയെന്ന പഴയ ആര്യനാട് മണ്ഡലം രണ്ടര ദശകമായി കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്. ജി. കാര്‍ത്തികേയന്റെ സ്വന്തം മണ്ഡലവും. നാട്ടുകാര്‍ക്കു സുപരിചിതനായ കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്നു വരുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസിന്. കാര്‍ത്തികേയന്റെ കുടുംബത്തില്‍നിന്നുതന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കം അണിയറയില്‍ സജീവം. ഭാര്യ ഡോ. കെ.എസ്. സുലേഖയെ സ്ഥാനാര്‍ഥിയാക്കാനാണു കോണ്‍ഗ്രസില്‍ ധാരണ. എന്നാല്‍ ഇതേക്കുറിച്ചു സുലേഖയുമായി സംസാരിച്ചിട്ടില്ല. സുലേഖ വിസമ്മതിച്ചാല്‍ മക്കളായ അനന്ദപത്മനാഭനെയോ കെ.എസ്. ശബരിനാഥിനെയോ പരിഗണിക്കും.
സ്ഥാനാര്‍ഥി കാര്‍ത്തികേയന്റെ വീട്ടില്‍ നിന്നായാല്‍ സഹതാപ തരംഗം സഹായകമാവുമെന്ന കണക്കുകൂട്ടലില്‍ നീക്കം. 1991 മുതല്‍ കാര്‍ത്തികേയന്റെ സ്വന്തം മണ്ഡലമാണെങ്കിലും കുറച്ചു വര്‍ഷമായി അദ്ദേഹം മണ്ഡലത്തില്‍ സജീവമല്ല. സ്പീക്കറായ ശേഷം മണ്ഡലം ശ്രദ്ധിക്കാനാവുന്നില്ലെന്നും, മണ്ഡലത്തില്‍ സജീവമാകാന്‍ അനുവദിക്കണമെന്നും കാര്‍ത്തികേയന്‍ അഭ്യര്‍ഥിച്ചിരുന്നു.