തിരുവനന്തപുരം: ഇരു മുന്നണികള്‍ക്കും നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ അത് പിണറായി വിജയന്റെ മുഖ്യമന്ത്രി മോഹത്തിന് വെല്ലുവിളിയാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലം ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച എ സമ്പത്ത് എം.പിക്ക് അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് നേടാനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷയും ആശങ്കയും.
ലോകാസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ അരുവിക്കരയില്‍ പരാജയപ്പെട്ടാല്‍ അത് പ്രചാരണ ചുമതലയുള്ള പിണറായി വിജയന് കനത്ത തിരിച്ചടിയാകും.
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതുന്ന പിണറായിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അരുവിക്കര ‘വടി’ നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
അടുത്ത മാസം ആദ്യവാരം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെതിര കര്‍ക്കശ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതൃസ്ഥാനം തെറുപ്പിക്കാന്‍ കരുക്കള്‍ നീക്കിയ സിപിഎം സംസ്ഥാന നേതൃത്വത്തിന് അരുവിക്കര ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയായിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ വി.എസിനെ പ്രകോപിപ്പിച്ച് നെയ്യാറ്റിന്‍കര ആവര്‍ത്തിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.
അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തിന് ആളെ കൂട്ടാന്‍ വി.എസിന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ വി.എസിന്റെ ‘രക്തത്തിന് ‘ വേണ്ടി ദാഹിക്കുന്ന നേതാക്കള്‍ക്ക് വി.എസിനെയും കൊണ്ട് പ്രചാരണത്തിന് ഇറങ്ങേണ്ട അവസ്ഥയാണ് നിലവില്‍.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വി.എസിനെതിരായ നടപടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വവും ഗത്യന്തരമില്ലാതെ എത്തിയതായാണ് സൂചന.