അലിഗഡിലെ മതപരിവര്‍ത്തന ചടങ്ങിന് പോലിസ് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: സംഘപരിവാര സംഘടനകള്‍ ക്രിസ്മസ് ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിക്കാനിരുന്ന മതപരിവര്‍ത്തന ചടങ്ങിന്് അനുമതി നല്‍കില്ലെന്ന് ഉത്തര്‍പ്രദേശ് പോലിസ്. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ ധരം ജാഗരണ്‍ സമന്വയ് വിഭാഗും ബജ്‌രംഗ്ദളും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ 5000ഓളം പേരെ ഹിന്ദുമതത്തിലേക്കു മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, മതപരിവര്‍ത്തനത്തിനോ സമാനമായ പരിപാടികള്‍ക്കോ ഡിസംബര്‍ 25ന് അനുമതി നല്‍കില്ലെന്നു പോലിസ് അറിയിച്ചു. ഉത്തരവ് മറികടന്ന് ചടങ്ങ് സംഘടിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ വ്യക്തമാക്കി. പോലിസ് അനുമതി നിഷേധിച്ചാല്‍ തെരുവില്‍ നേരിടുമെന്നു പ്രഖ്യാപിച്ച് ബജ്‌രംഗ്ദള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്ന ‘ഖര്‍ വാപസി’ എന്ന ചടങ്ങ് മഹേശ്വരി കോളജില്‍ നടത്തുമെന്നാണ് സംഘപരിവാരം പ്രഖ്യാപിച്ചത്.

ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സംസ്ഥാന സര്‍ക്കാരുകളാണ് നടപടിയെടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിക്കാന്‍ പോലിസ് തീരുമാനിച്ചത്. നഗരത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആഗ്രയില്‍ പോലിസ് കണ്‍ട്രോള്‍ റൂമും ഹെല്‍പ്‌ലൈനും സജ്ജമാക്കിയിട്ടുണ്ട്.

നാലായിരം ക്രിസ്ത്യാനികളെയും ആയിരം മുസ്‌ലിംകളെയും ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവരും എന്നാണ് ധരം ജാഗരണ്‍ സമന്വയ് പ്രഖ്യാപിച്ചിട്ടുള്ളത്.

Top