അവഹേളിച്ചാല്‍ എഎപി വിടുമെന്ന് മായങ്ക് ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കള്‍ തന്നെ പരസ്യമായി അവഹേളിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുമെന്ന് എഎപി നേതാവ് മായങ്ക് ഗാന്ധി. പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പുറത്താക്കിയതിനെതിരെ മായങ്ക് ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനു ശേഷമാണ് വിവിധ പാര്‍ട്ടി നേതാക്കള്‍ ബ്ലോഗിലൂടെയും അല്ലാതെയും മായങ്ക് ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ഇതേ തുടര്‍ന്നാണ് ഇനിയും അവഹേളിച്ചാല്‍ പാര്‍ട്ടി വിടുമെന്ന പ്രസ്താവനയുമയി മായങ്ക് ഗാന്ധി രംഗത്തെത്തിയത്. ഇനി നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയോഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും മാര്‍ച്ച് 4നു നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top