ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗമായ അസാം റൈഫിള്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് തെഹല്ക്കയും മാതൃഭൂമിയും പുറത്തുവിട്ട വിവരങ്ങളുടെയും ദൃശ്യങ്ങളുടെയും ഉറവിടം തേടി മിലിറ്ററി ഇന്റലിജന്‍സും ഐ.ബിയും രംഗത്ത്.
വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരു അന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് പുറത്തായ ഒളിക്യാമറാ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ഒളിക്യാമറാ ഓപ്പറേഷന് നടത്തിയ ലേഖകന്റെ അടുത്തുനിന്നും ക്യാമറയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ അടുത്തുനിന്നും രഹസ്യന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
മുന്‍ സൈനികനും മലയാളിയുമായ കരാറുകാരന് സിസി മാത്യുവില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥര്‍ പണം ചോദിച്ചുവാങ്ങുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് ചാനലും തെഹല്ക്കയും ചേര്‍ന്ന് പുറത്തുവിട്ടത്. പ്രതിവര്‍ഷം 3000 കോടി രൂപയിലധികം ബജറ്റ് വിഹിതം കിട്ടുന്ന സൈനികവിഭാഗമാണ് അസം റൈഫിള്‍സ്. ഈ തുകയുന്ന നല്ലൊരുപങ്കും വടക്ക് കിഴക്കന്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ അര്‍ദ്ധ സൈനികവിഭാഗം ചെലവഴിക്കുന്നത്. ടെന്ഡര്കിട്ടുന്ന അംഗീകൃത കോണ്‍ട്രാക്ടറില്‍ നിന്നും കരാര്‍ തുകയുടെ 30 ശതമാനം വരെ കൈക്കൂലിയായി ആവശ്യപ്പെടുന്നുവെന്നാണ് സിസി മാത്യു ആരോപിക്കുന്നത്.
അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്കുവേണ്ടിയുള്ള പണം പ്രത്യേകം പ്രത്യേകം ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എച്ച് ദേബ് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന് സുബേദാര്‍ ഗൗതം ചക്രവര്‍ത്തി സ്വന്തം പങ്കിലുള്ള കൈക്കൂലി വാങ്ങുന്നതിനൊപ്പം ഉന്നത ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ കകാറിന്റെ കഴിഞ്ഞ കരാറുകാലത്തെ കൈക്കൂലിയും ചോദിച്ചുവാങ്ങി. ലഫ്. കേണല്‍ ഗോഗോയിയും തന്റെ കീഴ് ഉദ്യോഗസ്ഥന് പണം നല്കാന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
മണിപ്പൂരിലെ തമാങ് ലോങ് ജില്ലയില്‍ 24 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കരാര്‍ ഉറപ്പിക്കുന്നിന് കൈക്കൂലി വാങ്ങുന്ന വാങ്ങുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. മൊത്തം കൈക്കൂലി തുകയുടെ 16 ശതമാനം മാത്യുവില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരത്ത തന്നെ വാങ്ങിയിരുന്നു. മറ്റൊരു 18 ശതമാനം തുക വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.