കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്ത് തീഗോളം ദൃശ്യമായ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. വെളളിയാഴ്ച രാത്രി 10 മണിയോടെ എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ആകാശത്ത് അഗ്നിഗോളം കണ്ടത്. സംഭവത്തെപ്പറ്റി വിദഗ്ദ്ധ സംഘം അന്വേഷിച്ചുവരികയാണ്.
മേഘാവൃതമായ ആകാശത്തുനിന്ന് ചിലയിടങ്ങളില്‍ താഴേക്കു പതിക്കുന്ന രീതിയിലും മറ്റുചിലയിടങ്ങളില്‍ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന രീതിയിലുമാണ് ഗോളം ദൃശ്യമായത്. ഫെബ്രുവരി അവസാനംമുതല്‍ മാര്‍ച്ച് വരെ ഉല്‍ക്കകള്‍ ഭൂമിയോട് ഏറ്റവും അടുത്ത് കടന്നുപോകുന്ന കാലയളവാണ്. ഈ സാഹചര്യത്തില്‍ ഉല്‍ക്ക തന്നെയാകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമികനിഗമനം.
സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ദുരന്തനിവാരണവിഭാഗത്തോട് ആവശ്യപ്പെടുമെന്നും ജാഗ്രതാനിര്‍ദേശം നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. തീഗോളത്തിന്റെതായ എന്തെങ്കിലും അവശിഷ്ട്ം കണ്ടാല്‍ ജിയോളജിക്കല്‍ സര്‍വ്വെയെ അറിയിക്കാനും നിര്‍ദേശം നല്കി.