ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില 50 ഡോളറില്‍ താഴെ

ലണ്ടന്‍: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 50 ഡോളറില്‍ താഴെയെത്തി. അവധി വിപണിയില്‍ ബ്രെന്റ് ക്രൂഡിന് 30 സെന്റ് താഴ്ന്ന് 49.29 ഡോളറായി. ജനവരി 30 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണ് ഇത്. യു.എസ്. വിപണിയില്‍ ക്രൂഡ് വില 44.69 ഡോളറായി താഴ്ന്നു.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെ ക്രൂഡോയില്‍ ഉത്പാദനം ജൂലായില്‍ ഉയര്‍ന്നതാണ് വില ഇടിവിന് കാരണം. ഉത്പാദനം കൂടുമ്പോഴും ഡിമാന്‍ഡ് കുറയുകയാണ്. അതിനിടെ, ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ കൂടി വിപണിയിലേക്ക് ഉടന്‍ തിരിച്ചെത്താന്‍ തുടങ്ങുമെന്ന് സൂചനയുണ്ട്. ഇതുകൂടി എത്തിയാല്‍ വില ഇനിയും കുറയുമെന്നാണ് കരുതുന്നത്.

ആവശ്യകതയെക്കാള്‍ ലഭ്യത കൂടി നില്‍ക്കുന്ന അവസ്ഥ കുറേ നാളുകളിലേക്ക് കൂടി നിലനില്‍ക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ വില ഇടിവ് തുടരുമെന്ന് കൊമേഴ്‌സ് ബാങ്കിന്റെ ഓയില്‍ അനലിസ്റ്റ് കാര്‍സ്റ്റെന്‍ ഫ്രിറ്റ്‌സ് പറഞ്ഞു. അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസിന്റെ വരവും പെട്രോളിയം വിലയിടിവില്‍ കലാശിച്ചിട്ടുണ്ട്.

ഇതിനൊപ്പം ചൈനയിലെ മാന്ദ്യം സ്വര്‍ണത്തിലെന്ന പോലെ ക്രൂഡോയിലിന്റെ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.

Top