ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ പിന്‍വലിക്കാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്.
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പടെ നീക്കം ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച് ആധാര്‍ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യവസ്ഥകള്‍ക്കനുസരിച്ച് ആധാറിന് നിയമസാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ആധാറിന് ഭരണഘടനാ സാധുത നല്‍കിയെങ്കിലും സേവനങ്ങള്‍ക്കെല്ലാം അത് നിര്‍ബന്ധമാക്കരുതെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി.