ആപ് അധിഷ്ഠിത ടാക്‌സി ഡല്‍ഹിയില്‍ തിരിച്ചുവരുന്നു

ന്യൂഡല്‍ഹി: യുബര്‍ ടാക്‌സിയില്‍ ഉദ്യോഗസ്ഥ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് നിരോധിച്ച ആപ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി സംവിധാനം ഡല്‍ഹിയില്‍ തിരിച്ചു വരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടാക്‌സികള്‍ വിളിക്കുന്ന ഈ സംവിധാനത്തിന് ഡല്‍ഹി ഭരണകൂടം പുതിയ മാര്‍ഗരേഖകള്‍ പുറപ്പെടുവിക്കുകയും ഇവ അനുസരിക്കാന്‍ തയ്യാറാണെന്ന് ടാക്‌സി കമ്പനികള്‍ തയ്യാറാകുകയും ചെയ്തതോടെയാണ് ഇവ തിരിച്ചെത്തുന്നതിന് വഴിയൊരുങ്ങുന്നത്.

2006ലെ റേഡിയോ ടാക്‌സി സംവിധാനത്തിന്റെ മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചാണ് യുബര്‍ അടക്കമുള്ള ആപ്പ് ടാക്‌സികള്‍ക്ക് മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇത്തരം കമ്പനികള്‍ ഗതാഗത വകുപ്പില്‍ നിന്ന് പ്രത്യേക ലൈസന്‍സ് വാങ്ങേണ്ടതുണ്ട്. ഡ്രൈവര്‍മാരുടെ കാര്യക്ഷമത, സ്വഭാവം എന്നിവയില്‍ കമ്പനികള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും. ഡ്രൈവര്‍മാരുടെ പിഴവിന് കമ്പനി കൂടി മറുപടി പറയേണ്ട സ്ഥിതി വരും. ഡ്രൈവര്‍, പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ടാക്‌സികള്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നവയാകണം. എന്തെങ്കിലും ബുദ്ധിമുട്ട് യാത്രക്കാര്‍ക്ക് ഉണ്ടായാല്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ കമ്പനിയുടെ ഓഫീസിലും പോലീസ് കണ്‍ട്രോള്‍ റൂമിലും സിഗ്‌നല്‍ എത്തുന്ന ടു വേ മൊബൈല്‍ ബേസ്ഡ് വിവര വിനിമയ സംവിധാനം വേണം.

നേരത്തേ കമ്പനികള്‍ക്ക് ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഒരു പിടിപാടും ഇല്ലാത്ത സ്ഥിതിയായിരുന്നു. യുബര്‍ അടക്കമുള്ള ആപ്പ് ടാക്‌സികളില്‍ സന്ദേശമയച്ചാല്‍ അവര്‍ നേരത്തേ തയ്യാറാക്കിയ പാനലില്‍ ഉള്ള ഡ്രൈവര്‍മാര്‍ എത്തുകയാണ് ചെയ്യാറുള്ളത്. ഈ പാനലിലെ ഡ്രൈവര്‍മാരുടെ വിശദവിവരങ്ങള്‍ കമ്പനിയുടെ പക്കല്‍ ഉണ്ടാകാറില്ല. പുതിയ മാര്‍ഗ നിര്‍ദേശം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്.

Top