തിരുവനന്തപുരം: അട്ടപ്പാടി മോഡല്‍ ഗാന്ധിയന്‍ ഗ്രാമം പദ്ധതിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വയനാട്ടില്‍. ആദിവാസി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും. വയനാട് വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. പുതുവര്‍ഷം ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കുന്ന അദ്ദേഹം മാവോയിസ്റ്റുകള്‍ തണ്ടര്ബോള്ട്ടിനുനേരെ വെടിയുതിര്‍ത്ത വനപ്രദേശങ്ങളും സന്ദര്‍ശിക്കും.
എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രിക്ക് പൊലീസ് ഒരുക്കിയത്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്ഷന്‍ ഉണ്ടാകുമോയെന്ന ഭയവും പൊലീസിനുണ്ട്. മാവോയിസ്റ്റ് വേട്ടക്കായി നിയോഗിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുകയാണ്. അതേസമയം തണ്ടര്‍ ബോള്‍ട്ടിന് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിയാകുന്നതിന് തെട്ടുമുന്‍പ് കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് ചെന്നിത്തല പാലക്കാട് ജില്ലയിലെ അട്ടപ്പാടി കോളനികള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് കോളനികള്‍ക്ക് സര്‍ക്കാരിനെക്കൊണ്ട് ഒരുകോടിരൂപയുടെ വിവിധ പദ്ധതികളും അുവദിപ്പിച്ചു. ജനുവരി ഒന്നിന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിട്ട് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഗാന്ധിയന്‍ ഗ്രാമ പദ്ധതിയുടെ തുടര്‍ച്ചയായി വയനാട് കോളനികള്‍ സന്ദര്‍ശിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ പൊതുവെ അസംതൃപ്തി ശക്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ല. ഇത് മുതലെടുത്താണ് മാവോയിസ്റ്റുകള്‍ ചുവടുറപ്പിക്കുന്നത്. അതിനാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. പുതുവര്‍ഷമായ ജനുവരി ഒന്നും മന്ത്രി ആദിവാസികള്‍ക്കൊപ്പം വയനാട്ടില്‍ തന്നെ ചെലവഴിക്കും.