ലക്‌നൗ: ക്ഷേത്രങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമുള്ള മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എക്‌സൈസ് മന്ത്രിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ ആരാധാനലയങ്ങളില്‍ പ്രധാനപ്പെട്ടവയുടെ പേരെടുത്തുപറഞ്ഞാണ് അദ്ദേഹം സര്‍ക്കാര്‍ ഉത്തരവ് വിശദീകരിച്ചത്. ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം മദ്യശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു കൃത്യമായ ദൂരപരിധിയും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിക്കാത്ത മുഴുവന്‍ മദ്യശാലകള്‍ക്കുമെതിരെ നടപടിയെടുക്കണം, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 8,000ലേറെ ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്തുണ്ടെന്നും അതില്‍ ചിലത് അനധികൃതമാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശിവിശ്വനാഥ ക്ഷേത്രം, മഥുര, ത്രിവേണി സംഗമം എന്നിവിടങ്ങളിലെ ആരാധനാലയങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യം പൂര്‍ണമായും നിരോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.