തിരുവനന്തപുരം: ആരോഗ്യമന്ത്രി ക്കെതിരെ നിയമസഭയില്‍ ഭരണകക്ഷി എംഎല്‍എ. ആരോഗ്യമന്ത്രി വാചാലമായി സംസാരിച്ചതുകൊണ്ട് മാത്രം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ് തിരുവമ്പാടി എംഎല്‍എ മോയിന്‍കുട്ടിയാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
പല ആശുപത്രിയിലും ആവശ്യത്തിന് മരുന്നും സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ലെന്ന് മോയിന്‍കുട്ടി പറഞ്ഞു. പനി ബാധിച്ച് ജനങ്ങള്‍ വലയുകയാണ്. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുന്നില്ലെന്നും കോഴിക്കോട് ജില്ലയും സംസ്ഥാനത്തിന്റെ ഭാഗമാണെന്നു മന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് കുരങ്ങ് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ആകെ 105 പേര്‍ക്കാണ് കുരങ്ങ് പനി ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചു. മരുന്ന് ക്ഷാമമില്ലെന്നും ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു.