ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന: 91 സ്ഥാപനങ്ങള്‍ പൂട്ടി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് 91 സ്ഥാപനങ്ങള്‍ പൂട്ടി. 2415 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1,30,450 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം എന്നിവ പടരുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു പരിശോധന. സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കെതിരെ ആലുവയില്‍ ഹോട്ടലുകള്‍ അടച്ചിട്ടു ഉടമകള്‍ പ്രതിഷേധിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് സെന്ററുകള്‍, സോഡാ കമ്പനികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയിലായിരുന്നു പരിശോധന നടത്തിയത്. പൂട്ടിയ സ്ഥാപനങ്ങളില്‍ 66 എണ്ണം ഹോട്ടലുകളാണ്. ആറ് കൂള്‍ ബാറുകളും നാല് ബേക്കറികളും പൂട്ടി. 5390 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്തതിന് 1103 സ്ഥാപനങ്ങള്‍ക്കെതിരെയും കൊതുകിന്റെ ഉറവിടം കണ്ടെത്തിയതിന് 955 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.

Top