റോം: 450ഓളം അഭയാര്‍ഥികളുമായെത്തി ഇറ്റാലിയന്‍ തീരത്ത് ജീവനക്കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇറ്റാലിയന്‍ തീരസേനാ വൃത്തങ്ങള്‍ അറിയിച്ചു. കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത രക്ഷാസംഘം ഇത് തീരത്തേക്കു കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്ന് ഇറ്റാലിയന്‍ തീരസേന അറിയിച്ചു.
ഇറ്റലിയുടെ തെക്കുകിഴക്കന്‍ തീരത്ത് നിയന്ത്രണം നഷ്ടപ്പെട്ട് അലഞ്ഞ സിയെറ ലിയോണ്‍ പതാകയേന്തിയ ദ എസാദീന്‍ കപ്പല്‍ കഴിഞ്ഞദിവസം രാത്രിയാണു കണെ്ടത്തിയത്. ഈ ആഴ്ച ആദ്യത്തില്‍ ജീവനക്കാര്‍ ഉപേക്ഷിച്ച മറ്റൊരു കപ്പലില്‍നിന്ന് ആയിരത്തോളം അനധികൃത കുടിയേറ്റക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചിരുന്നു. കപ്പലിലുള്ള കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘം സിറിയയില്‍ നിന്നുള്ളവരാണെന്നു കരുതുന്നതായി ഇറ്റാലിയന്‍ തീരസേനാ കമാന്‍ഡര്‍ ഫിലിപ്പോ മരീനി പറഞ്ഞു. 73 മീറ്ററോളം നീളമുള്ള കപ്പല്‍ തുര്‍ക്കിയില്‍നിന്നാണ് യാത്ര ആരംഭിച്ചതെന്നും മരീനി പറഞ്ഞു.
സൈപ്രസില്‍ നിന്നാണ് കപ്പല്‍ യാത്രപുറപ്പെട്ടതെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. കപ്പലിലെ മാരിടൈം റേഡിയോയില്‍നിന്നു ലഭിച്ച അപകട മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇറ്റാലിയന്‍ സേന കപ്പലിനെ സമീപിച്ചത്.
കന്നുകാലികളെ കടത്തുന്നതിനായി ഉപയോഗിക്കുന്ന കപ്പല്‍ 50 വര്‍ഷംമുമ്പു നിര്‍മിച്ചതാണ്. ലബനീസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ നിലവില്‍ മനുഷ്യക്കടത്തു സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നു സംശയിക്കുന്നു.