തിരുവനന്തപുരം: ഇടതു നേതാക്കളുടെ ചെരുപ്പു വിവാദ ചിത്രങ്ങളുമായി സ്പീക്കര്‍ എന്‍ ശക്തന് പൊതുവേദിയില്‍. എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സിപിഐ നേതാവ് മുല്ലക്കര രത്നാകരന്റെ ചെരുപ്പുമായി പൊലീസ് ഉദ്യോഗസ്ഥന് അനുഗമിക്കുന്നതിന്റെയും വി.എസ്. അച്യുതാനന്ദനു സഹായികള്‍ ചെരുപ്പിട്ടു കൊടുക്കുന്നതിന്റെയും ചിത്രങ്ങളുമായാണ് സ്പീക്കര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
എഴുത്തുകാരന് ആനന്ദിനുള്ള വള്ളത്തോള്‍ പുരസ്കാരദാനച്ചടങ്ങായിരുന്നു വേദി. ചടങ്ങില്‍ വേദി പങ്കിട്ടവരെ ഈ ചിത്രങ്ങള്‍ കാണിച്ച ശേഷമായിരുന്നു സ്പീക്കറുടെ പ്രസംഗം.
എനിക്ക് ആരോഗ്യപ്രശ്നമുള്ളതു കൊണ്ടാണു സഹായി ചെരുപ്പഴിച്ചു തന്നത്. ഇതു വിവാദമാക്കിയതു ദൗര്ഭാഗ്യകരമാണെഅദ്ദേഹം പറഞ്ഞു. ”ഇപ്പോഴത്തെ നിയമസഭാംഗങ്ങളില്‍ ആരോഗ്യമുള്ള പലരും ഇതിനെക്കാള്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ അതൊന്നും കാണുന്നില്ല. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടില്ലെന്നും എന്നും ഉപദ്രവിക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
മാധ്യമങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചതിനാലാണു സംഭവം വിവാദമാക്കിയത് എന്നാണ് ആദ്യം കരുതിയത്. അതിനാല്‍ പത്രസമ്മേളനം വിളിച്ച് എന്റെ രോഗാവസ്ഥയെക്കുറിച്ചു വിശദമായി പറഞ്ഞു. പക്ഷേ, രാത്രിയിലെ ചാനല്‍ ചര്‍ച്ചകളില്‍ അതും ആഘോഷമാക്കി. ഇതെല്ലാം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.