ഇടത് നേതൃസ്ഥാനത്ത് വിഎസ് തന്നെയെന്ന് പന്ന്യന്‍;വിഎസിന്റെ മനസ്സറിഞ്ഞ് മാത്രം തീരുമാനം

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ വിഎസ് നയിക്കുമെന്ന് പറഞ്ഞ സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്റെ നിലപാടുകളെ ശരിവച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

ദിവാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടുകള്‍ തള്ളിയാണ് പന്ന്യന്‍ വിഎസിന്റെ നേതൃത്വം അംഗീകരിച്ച് രംഗത്ത് വന്നത്.

നേതൃസ്ഥാനം സംബന്ധിച്ച് വിഎസിന്റെ മനസ്സറിഞ്ഞേ തീരുമാനമെടുക്കാനാവുവെന്നും ഇപ്പോള്‍ ഇതേക്കുറിച്ച് തീരുമാനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കെയാണ് വിഎസിനെ ചൊല്ലി ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്.

Top