കൊച്ചി: ഇതാ പുതുപുത്തന്‍ തലമുറ ബാങ്കുകള്‍ എത്തുന്നു. കേരളത്തില്‍നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ 25 അപേക്ഷകരില്‍നിന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തിരഞ്ഞെടുത്ത ബന്ധന് ബാങ്ക് ഈ മാസവും ഐഡിഎഫ്സി ബാങ്ക് ഒക്ടോബറിലും സമ്പൂര്‍ണ വാണിജ്യ ബാങ്കുകളായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
പേയ്മെന്റ് ബാങ്കുകള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ എന്നീ വിഭാഗങ്ങളിലൊന്നില്പ്പെട്ടവയ്ക്കുള്ള ലൈസന്‍സ് ഈ മാസംതന്നെ അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ ബാങ്കുകള്‍ വരുന്ന മുറയ്ക്കു ചില പഴയ ബാങ്കുകള്‍ ഇല്ലാതാകാനും സാധ്യത. സാധ്യത പട്ടികയില്‍ ഭാരതീയ മഹിള ബാങ്കിന്റെ പേരിനാണു മുന്‍തൂക്കം. 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ മഹിള ബാങ്കിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചാലോ എന്നാണു ധന മന്ത്രാലയത്തിന്റെ ആലോചന.
ഐഡിഎഫ്സി ബാങ്ക്
അടിസ്ഥാന സൗകര്യ വികസനത്തിനു സാമ്പത്തിക പിന്തുണ നല്കുന്ന കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഐഡിഎഫ്സി ലിമിറ്റഡിനു ബാങ്കിങ് ലൈസന്‍സ് ലഭിച്ചത്. ഐഡിഎഫ്സി ബാങ്കിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. തുടക്കം 20 ശാഖകളോടെയായിരിക്കും. തുടക്കത്തില്‍ത്തന്നെ ‘ലോണ്‍ ബുക്ക്’ 55,000 കോടി രൂപയുടേതായിരിക്കുമെന്നാണു സൂചന.
മൂന്നു വര്‍ഷത്തിനകം ഇടപാടുകാരില്‍ ഭൂരിപക്ഷവും ഗ്രാമങ്ങളില്നിന്നായിരിക്കുമെന്നും കരുതുന്നു. വന്‍ മുതല്‍മുടക്കോടെ വിപുലമായ ശാഖാശൃംഖല തീര്‍ക്കുന്നതിനോട് ഐഡിഎഫ്സി ബാങ്കിനു താല്പര്യമില്ലെന്നാണ് അറിയുന്നത്. ‘ബ്രാഞ്ച് ബാങ്കിങ്’ സമ്പ്രദായം കാലക്രമേണ ശുഷ്കമാകുമെന്നും സ്മാര്‍ട്ഫോണുകളായിരിക്കും ബാങ്കിങ് രംഗത്ത് ആധിപത്യം നേടുകയെന്നുമാണു ബന്ധപ്പെട്ടവരുടെ കണക്കുകൂട്ടല്‍.
ഐഡിഎഫ്സി ലിമിറ്റഡ് ചെയര്മാന് രാജീവ് ലാല്‍ ആയിരിക്കും ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍. അദ്ദേഹം വൈസ് ചെയര്‍മാനുമായിരിക്കും. ബാങ്ക് ചെയര്മാന് ആരെന്നു തീരുമാനമായിട്ടുണ്ടെങ്കിലും ആര്‍ബിഐയുടെ അനുമതിയായിട്ടില്ലാത്തതിനാല് പേരു വെളിപ്പെടുത്തിയിട്ടില്ല.
ബന്ധന് ബാങ്ക്
മൈക്രോഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബന്ധന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണു ബന്ധന് ബാങ്ക് എന്ന പേരില്‍ നിലവില്‍വരുന്നത്. 23നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുന്ന ബാങ്കിനു തുടക്കത്തില്‍ത്തന്നെ 630 ശാഖകളുണ്ടായിരിക്കും; 250 എടിഎമ്മുകളും. ആദ്യ ശാഖകളിലൊന്ന് കൊച്ചിയിലായിരിക്കും.
തുടക്കത്തില്‍ ഒരു കോടി അക്കൗണ്ടുകള്‍ ലക്ഷ്യമിടുന്ന ബാങ്കിനു രണ്ടു വര്‍ഷത്തിനകം 1000 ശാഖകളുണ്ടാകുമെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സി.എസ്. ഘോഷ് പറയുന്നു. പ്രാരംഭവര്‍ഷങ്ങളില്‍ 20 – 30% വളര്‍ച്ചയാണു ബാങ്ക് ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അശോക് കുമാര്‍ ലാഹിരിയാണു ബന്ധന് ബാങ്കിന്റെ ചെയര്മാന്. വിവിധ ബാങ്കുകളുടെ സാരഥികളായി പ്രവര്‍ത്തിച്ചിട്ടുള്ള ബി. സാംബമൂര്‍ത്തി, ഭാസ്കര്‍ സെന്‍ തുടങ്ങിയ പ്രഗത്ഭരടങ്ങുന്നതാണു ബോര്‍ഡ്.
3200 കോടി രൂപ മൂലധനവും 11,000 കോടി രൂപയുടെ ബിസിനസുമായാണു ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. 2018ല്‍ ഓഹരികളുടെ ആദ്യ പൊതു വില്പന (ഐപിഒ) നടത്തും.
പേയ്മെന്റ് ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും
പേയ്മെന്റ് ബാങ്കുകള്‍ക്ക് അനുമതി തേടിയുള്ള 41 അപേക്ഷകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കുള്ള 72 അപേക്ഷകളുമാണ് ആര്‍ബിഐ പരിഗണിക്കുന്നത്. ഇവയില്‍ കേരളത്തില്‍നിന്നുള്ള ഏഴ് അപേക്ഷകളുമുണ്ട്.
ഈ വിഭാഗത്തില്‍പ്പെട്ട ബാങ്കുകള്‍ അനുവദിക്കണമെന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നചികേത് മോര് സമിതിയാണു ശുപാര്‍ശ നല്‍കിയത്. തുടര്‍ന്ന് ആര്‍ബിഐ അപേ’ക്ഷ ക്ഷണിക്കുകയായിരുന്നു. ഇവയില്‍ ഒരു വിഭാഗത്തില്പ്പെട്ടവയ്ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം അവസാനം നല്‍കാനാണു ശ്രമമമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് വെളിപ്പെടുത്തിയിരുന്നു. അപേക്ഷകള്‍ പരിഗണിച്ച സമിതികള്‍ ശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞു. ആര്‍ബിഐ ബോര്‍ഡാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.