ഇനി 4ജിയുടെ കാലം; എയര്‍ടെല്‍ 4ജി സേവനം ആരംഭിച്ചു

എയര്‍ടെല്‍ തങ്ങളുടെ 4ജി സേവനം നല്‍കുവാന്‍ തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 296 പ്രധാന നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി സേവനം ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ 4ജി സേവനത്തെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കിയ പരാതികളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ 4ജി സേവനം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യ, സൗത്ത് ഏഷ്യ എംഡിയും സീഇഒയും ആയ ഗോപാല്‍ വിറ്റല്‍ അറിയിച്ചിരിക്കുന്നു.

4ജി സേവനം പുറത്തിറക്കിയതോടൊപ്പം, വിങ്ക് മൂവിസ് എന്ന മൊബൈല്‍ ആപ്പും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു വരെ പുറത്തിറങ്ങിയ എല്ലാ സിനിമകളുടെ വീഡിയോകള്‍ക്കു പുറമെ മറ്റു ജനപ്രിയ വീഡിയോകളും ഈ ആപ്പിലൂടെ കാണുവാനാകും.

4ജി സേവനം ഉറപ്പാക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നതിനും വിപണനത്തിനുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങുമായും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടുമായും എയര്‍ടെല്‍ നേരത്തെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ ചൈനീസ് മൊബൈല്‍ സേവനദാതാക്കളായ ഹ്യൂവയുമായി സഹകരിച്ചാണ് എയര്‍ടെല്‍ 4ജി സേവനം ലഭ്യമാക്കുക.

999 രൂപയില്‍ ആരംഭിക്കുന്ന ഇന്‍ഫിനിറ്റി ഇന്റര്‍നെറ്റ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, ഡേറ്റ യൂസേജ് എന്നിവയ്ക്കു പുറമെ വിങ്ക് മൂവിസ്, വിങ്ക് മ്യൂസിക് എന്നിവയും അണ്‍ലിമിറ്റഡായി കാണുവാനാകും.

2012ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം എയര്‍ടെല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി, ഹൈദ്രബാദ്, വിശാഖപട്ടണം, മധുര, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നീ നഗരങ്ങളിലും 4ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ നല്‍കുന്നുണ്ടായിരുന്നു.

Top