ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്

Loksabha

ഡൽഹി: തവാങ്ങിലെ  ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം തവാങ്ങിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ സ്ഥിരീകരിച്ചിരുന്നു. തവാങിലെ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബി ജെപി  പാർലമെന്ററി പാർട്ടി യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തിൽ തവാങ് സംഘർഷം ചർച്ച ചെയ്യും.

ഇതിനിടെ ഇന്ത്യ-ചൈന സംഘർഷത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.

Top