ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം; അജിങ്ക്യ രഹാനെ പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ലോകകപ്പ് സെമിയില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടം. അജിങ്ക്യ രഹാനെ 44 റണ്‍സെടുത്ത് സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്തായി.

കളിയുടെ തുടക്കത്തില്‍ തിളങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ ധവാനും (41 പന്തില്‍ 45) രോഹിത് ശര്‍മയും (48 പന്തില്‍ 34) ചേര്‍ന്ന് 76 റണ്‍സ് എടുത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ ധവാന്‍ പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ധവാനു പിന്നാലെ ഒരു റണ്ണുമായി വിരാട് കോലിയും പുറത്തായി. ജോണ്‍സണായിരുന്നു വിക്കറ്റ്. തന്റെ അടുത്ത ഓവറില്‍ രോഹിത് ശര്‍മയേയും പുറത്താക്കി ജോണ്‍സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പിച്ചു. 7 റണ്‍സെടുത്ത റെയ്‌നയെ ഫോക്‌നര്‍ പുറത്താക്കി. കീപ്പര്‍ ഹാഡിനാണ് ക്യാച്ചെടുത്തത്. 45 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഹേസല്‍വുഡിന്റെ പന്തില്‍ മാക്‌സ്‌വെല്‍ ക്യാച്ചെടുത്ത് പുറത്താക്കി.

41 പന്തില്‍ 6 ഫോറും ഒരു സിക്‌സറുമടിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് ധവാന്‍ പുറത്തായത്. 76 റണ്‍സിനാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ഓസീസിന് കാര്യമായ സംഭാവന നല്‍കിയവര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

Top