ഇന്ത്യന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കില്ലെന്ന് പറഞ്ഞ ജര്‍മന്‍ പ്രൊഫസര്‍ മാപ്പ് പറഞ്ഞു

ബര്‍ലിന്‍: രാജ്യത്തുണ്ടായ ബലാത്സംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിച്ച ജര്‍മന്‍ വനിതാ പ്രൊഫസര്‍ മാപ്പു പറഞ്ഞു. ജര്‍മനിയിലെ ലീപ്‌സിങ് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പ്രൊഫസറായ ഡോ. അനെറ്റി ജി ബെക്ക് സിക്കിന്‍ജറാണ് ക്ഷമാപണം നടത്തിയത്. ”ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ദിനവും കേള്‍ക്കുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. എന്റെ കീഴില്‍ നിരവധി പെണ്‍കുട്ടികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷ നോക്കേണ്ടത് എന്റെ കടമയാണ്’ ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഡോ. അനെറ്റി അയച്ച ഇമെയ്ല്‍ മറുപടിയാണ് ഇത്. ഈ സന്ദേശം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും ശക്തമായി. ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ പോലും പരസ്യമായി പ്രതിഷേധം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് വനിതാ പ്രൊഫസര്‍ ക്ഷമാപണം നടത്തിയത്.
”ഞാനൊരു തെറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹത്തിനെതിരെ വിവേചനം കാണിക്കുകയെന്ന ഉദേശ്യം എനിക്കില്ലായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരായി എനിക്ക് ഒന്നുമില്ല.ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്യുന്നു’ ഇതായിരുന്നു പ്രൊഫസറുടെ ക്ഷമ ചോദിച്ചുകൊണ്ടുള്ള സന്ദേശം. ജര്‍മന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top