കൊളംബോ: ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് മുങ്ങിക്കപ്പല്‍ കൊളംബോയിലെത്തി. ടൈപ്പ് 039 സോങ് ക്ലാസ് മുങ്ങിക്കപ്പലാണു കൊളംബോ അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലില്‍ തമ്പടിച്ചിരിക്കുന്നത്. കടല്‍ക്കൊള്ളക്കാരില്‍ നിന്നു ചരക്കു കപ്പലുകളെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഏദന്‍ കടലിടുക്കിലേക്ക് യാത്ര തിരിച്ചതാണു മുങ്ങിക്കപ്പലെന്നു ചൈനീസ് അധികൃതര്‍. യാത്രാമധ്യേ കൊളംബോ തീരത്ത് അടുപ്പിച്ചതാണെന്നും ഇവിടെ നിന്ന് ഉടന്‍ പുറപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്തോചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതിനു പിന്നാലെയാണു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സാന്നിധ്യം ശക്തമാക്കുന്നത്.അതേസമയം, ചൈനയുടെ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിരന്തരം കൊളംബോ തീരത്ത് നങ്കൂരമിടുന്നതായി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ചൈനയുടെ കൈവശം 56 മുങ്ങിക്കപ്പലുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം ആണവ മുങ്ങിക്കപ്പലാണ്. ഇന്ത്യയുടെ കൈവശമാകട്ടെ 13 എണ്ണവും. ഇതില്‍ പകുതി മാത്രമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഒരു ആണവ മുങ്ങിക്കപ്പലുമുണ്ട്.