ലണ്ടന്‍: മേയ് ഏഴിലെ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുടെ വോട്ടു പിടിക്കാന്‍ ഹിന്ദി ഗാനവുമായി പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രചാരണം തുടങ്ങി. നീലാ ഹേ ആസ്മാന്(ആകാശം നീലയാണ്) എന്നു തുടങ്ങുന്ന ഗാനം ഹിറ്റായി.
കാമറോണ്‍ ഇതിനകം ബ്രിട്ടനിലെ പല ഹൈന്ദവക്ഷേത്രങ്ങളിലും സിക്ക് ഗുരുദ്വാരകളിലും സന്ദര്‍ശനം നടത്തി.ഹിന്ദി ഗാനത്തോടൊപ്പം വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ കാമറോണ്‍ നടത്തിയ നീക്കങ്ങളാണ് ഇതില്‍ വിശദീകരിച്ചിട്ടുള്ളത്. പത്തുലക്ഷത്തിലേറെ ഇന്ത്യന്‍ വംശജര്‍ ബ്രിട്ടനിലുണെ്ടന്നാണു കണക്ക്. ഇവരുടെ വോട്ട് കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ബ്രിട്ടനില്‍ കറുത്ത വംശജനോ ഏഷ്യക്കാരനോ ആയ പ്രധാനമന്ത്രി ഉണ്ടാവുന്നെങ്കില്‍ അതു കണ്‍സര്‍വേറ്റീവ് കക്ഷിയില്നിന്നായിരിക്കുമെന്ന് സൗത്ത് ലണ്ടനില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ കാമറോണ്‍ പറഞ്ഞു. ന്യൂനപക്ഷ ടോറി എംപിമാരുടെ എണ്ണം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് പോലീസിലും യൂണിവേഴ്സിറ്റികളിലും കൂടുതല്‍ പ്രാതിനിധ്യം കിട്ടും. 2010ല്‍ തെരഞ്ഞെടുക്കപ്പെട്ട 306 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 11 പേര് കറുത്തവരോ ഏഷ്യക്കാരോ ആയിരുന്നു.
ഇത്തവണ കണ്‍സര്‍വേറ്റീവുകള്‍ ഈ ഗ്രൂപ്പിലെ 56 പേര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി 52 പേര്‍ക്കാണു ടിക്കറ്റ് നല്‍കിയിരിക്കുന്നത്.